എട്ട് മുതല്‍ 14 വരെ പെരുന്നാള്‍ അവധി, പിന്നെ വാരാന്ത്യ ദിനങ്ങളും; പ്രവാസി ജീവനക്കാര്‍ക്ക് കോളടിച്ചു

Monday 01 April 2024 8:28 PM IST

ദുബായ്: യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയിലും പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏപ്രില്‍ എട്ട് മുതല്‍ 14 വരെയാണ് അവധി പ്രഖ്യാപിച്ചത്. ഇതോടൊപ്പം വാരാന്ത്യദിനങ്ങള്‍ കൂടി വരുമ്പോള്‍ ആകെ അവധി ദിനങ്ങള്‍ ഒമ്പത് ആകും. ഏപ്രില്‍ 15 മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കും.

ചെറിയ പെരുന്നാളിനോടനുബന്ധിച്ച് സ്വകാര്യ മേഖലയിലെ അവധി ദിനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ എട്ട് മുതല്‍ നാല് ദിവസത്തെ അവധിയാണ് സ്വകാര്യ മേഖലയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം തിങ്കളാഴ്ചയാണ് സ്വകാര്യ മേഖലാ ജീവനക്കാരുടെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചത്.

മാസപ്പിറവി ദൃശ്യമായാലും ഇല്ലെങ്കിലും ഏപ്രില്‍ എട്ട് മുതല്‍ അവധി ആരംഭിക്കും. രാജ്യത്ത് ഈ വര്‍ഷം ലഭിക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ അവധിയായിരിക്കുമിത്. പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരാഴ്ച നീളുന്ന ചെറിയ പെരുന്നാള്‍ അവധി ഷാര്‍ജയും ദുബായ്‌യും പ്രഖ്യാപിച്ചിട്ടുണ്ട്.

പെരുന്നാളിന്റെ കൃത്യമായ തീയതി യുഎഇയുടെ ചന്ദ്രദര്‍ശന സമിതി സ്ഥിരീകരിക്കും. അതേസമയം ബുധനാഴ്ചയാണ് പെരുനാളിന്റെ ആദ്യ ദിനമെങ്കില്‍ സ്വകാര്യ മേഖലയിലെ അവധി ഏപ്രില്‍ 12 വെള്ളിയാഴ്ച വരെ നീളും.

Advertisement
Advertisement