എൽ.ഡി.എഫിനായി മുഖ്യമന്ത്രിയെത്തി, കുടുംബയോഗങ്ങളിലൂന്നി യു.ഡി.എഫ്
പ്രചാരണം കൊഴുപ്പിച്ച് എൻ.ഡി.എ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നിറഞ്ഞു നിന്ന പ്രചാരണ ദിനത്തിൽ ആവേശമുയർത്തി എൽ.ഡി.എഫ്. കുടുംബയോഗങ്ങൾക്ക് പ്രാധാന്യം കൊടുത്ത് പ്രചാരണം തുടരുന്ന യു.ഡി.എഫ് മെഗാ കുടുംബയോഗം സംഘടിപ്പിച്ചു. ഇരുമുന്നണികളെയും വെല്ലുവിളിച്ച് കരുത്തുറ്റ പ്രചാരണവുമായി എൻ.ഡി.എയും മുന്നേറുകയാണ്. വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടിയിലെ മുക്കത്തെ പ്രചാരണ യോഗത്തിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. ജില്ലയിൽ വാർത്താസമ്മേളനവും നടത്തി.
കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ മൂന്ന് കേന്ദ്രങ്ങളിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംസാരിച്ചു. കുന്ദമംഗലം നിയോജക മണ്ഡലത്തിലെ കുന്നത്ത് പാലത്തായിരുന്നു ആദ്യ പൊതുയോഗം. വൈകിട്ട് ബേപ്പൂരിലെ കോട്ടക്കടവിൽ. തുടർന്ന് മോത്തോട്ട് താഴത്ത് നടന്ന കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിച്ചു. വ്യാപാരി സംഗമത്തിലും കായിക മേഖലയുമായി ബന്ധപ്പെട്ടവരുടെ സംഗമത്തിലും സ്ഥാനാർത്ഥി എളമരംകരീം പങ്കെടുത്തു.
യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥംകൊടുവള്ളി നിയോജകമണ്ഡലത്തിൽ മെഗാ കുടുംബ സംഗമങ്ങൾ നടത്തി. കൊടുവള്ളി മണ്ഡലത്തിൽ പത്തൊമ്പത് മെഗാ കുടുംബ സംഗമങ്ങളാണ് ഇന്നലെ നടന്നത്. കിഴക്കോത്ത് സർവീസ് കോർപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലാണ് ആദ്യ കുടുംബസംഗമം നടന്നത്. തുടർന്ന് ആവിലോറ, എളേറ്റിൽ വട്ടോളി, പാലങ്ങാട്, കാരുകുളങ്ങര, പാറന്നൂർ, എരവന്നൂർ, മുട്ടാഞ്ചേരി, മടവൂർ തുടങ്ങി വിവിധ വീടുകളിലും പൊതുഹാളുകളിലുമായി നടന്ന കുടുംബ സംഗമങ്ങളിൽ സ്ഥാനാർത്ഥി പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം മദ്രസ ബസാർ, പനക്കോട്, അമ്പലക്കണ്ടി, വെളിമണ്ണ, ചുണ്ടക്കുന്ന്, കരുപാറ, താമരശ്ശേരി ടൗൺ, ചമൽ, താഴ്വാരം എന്നിവിടങ്ങളിലെ കുടുംബ സംഗമങ്ങളാണ് നടന്നത്. കിനാലൂരിൽ സംഘടിപ്പിച്ച് സമൂഹ നോമ്പുതുറയിൽ എം.കെ. രാഘവൻ സംബന്ധിച്ചു. തുടർന്ന് ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ വിവിധയിടങ്ങളിൽ സന്ദർശനം നടത്തി. എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി രമേശ് കൊടുവള്ളി നിയോജകമണ്ഡലത്തിൽ പ്രചാരണം നടത്തി.
വടകര ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ പേരാമ്പ്രയിൽ പ്രചാരണം നടത്തി. പേരാമ്പ്രയിൽ റോഡ് ഷോ നടത്തി. തുടർന്ന് നടന്ന എൻ.ഡി.എ പേരാമ്പ്ര നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി ജില്ല പ്രസിഡന്റ് വി.കെ. സജീവൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും റോഡ് ഷോ നടത്തി പ്രചാരണം കൊഴുപ്പിച്ചു. തൊട്ടിൽപ്പാലത്തും വളയത്തുമാണ് റോഡ് ഷോ നടത്തിയത്. വളയത്ത് റോഡ് ഷോയ്ക്ക് ശേഷം പൊതുയോഗം നടത്തി. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ പ്രചാരണം നടത്തി.