ഏപ്രിലിലും ചൂട് കൂടും, മഴ കുറയും

Tuesday 02 April 2024 4:07 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ മാസത്തിലും ഉയർന്ന താപനിലയായിരിക്കുമെന്ന് കാലാവസ്ഥ വിദഗ്ദ്ധർ. 41 ഡിഗ്രി വരെ താപനില ഉയരാമെന്നാണ് വിലയിരുത്തൽ. അടുത്ത അഞ്ച് ദിവസം കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനിലയായിരിക്കും. അതേസമയം,

ഏപ്രിലിൽ സാധാരണ ലഭിക്കേണ്ട വേനൽ മഴയേക്കാൾ കുറവായിരിക്കും ഇക്കുറി ലഭിക്കുക. 105 മില്ലിമീറ്റർ മഴയാണ് ഏപ്രിലിൽ ലഭിക്കേണ്ടത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ശരാശരി മഴ ലഭിച്ചിരുന്നു.

അടുത്ത മൂന്നു ദിവസം മദ്ധ്യ, തെക്കൻ ജില്ലകളിൽ വേനൽ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് സാദ്ധ്യത. മാർച്ച് മാസത്തിൽ 69 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയത്. 2019നുശേഷം ഏറ്റവും കുറവ് മഴ ലഭിച്ച മാർച്ചാണ് കടന്നുപോയത്.

വേനൽ കടുത്തതോടെ കിണറുകളിലെയും ജലാശയങ്ങളിലെയും ജലനിരപ്പ് താഴ്ന്നത് കുടിവെള്ള ക്ഷാമം രൂക്ഷമാക്കും. കിണറുകളിലെ ജലനിരപ്പ് ശരാശരി രണ്ടര മീറ്ററോളമാണ് താഴ്‌ന്നത്. നദികളിലും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. കുടിവെള്ള ക്ഷാമത്തിനൊപ്പം രൂക്ഷമായ കടലാക്രമണം കൂടിയായതോടെ തീരദേശ വാസികൾ ദുരിതത്തിലായി. കടലാക്രമണത്തിൽ കിടപ്പാടമടക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് തീരദേശ വാസികൾ.