വീട്ടുമുറ്റത്ത് കാട്ടാന ആക്രമണം, കർഷകന് ദാരുണാന്ത്യം പ്രതിഷേധിച്ച് നാട്ടുകാർ

Tuesday 02 April 2024 4:09 AM IST

പത്തനംതിട്ട: വീട്ടുമുറ്റത്തെത്തിയ കാട്ടാനയുടെ ആക്രമണത്തിൽ കർഷകനായ പെരുനാട് തുലാപ്പള്ളി പുളിയൻകുന്നുമല കുടിലിൽ വീട്ടിൽ ബിജുമാത്യുവിന് (52) ദാരുണാന്ത്യം. കാട്ടാന പറമ്പിലെ കൃഷി നശിപ്പിക്കുന്ന ശബ്ദംകേട്ട് ഭാര്യ ഡെയ്സിക്കൊപ്പം വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. ഭാര്യ വീട്ടിലേക്ക് ഓടിക്കയറിയതിനാൽ രക്ഷപ്പെട്ടു.

ഇന്നലെ പുലർച്ചെ 1.30നാണ് സംഭവം. മുറ്റത്തോട് ചേർന്ന പറമ്പിലെ തെങ്ങ് പിഴുതിടുന്ന ഒച്ച കേട്ടാണ് ബിജുവും ഭാര്യയും പുറത്തിറങ്ങിയത്. തലയിൽ വച്ചിരുന്ന ഹെഡ്ലൈറ്റ് തെളിച്ചപ്പോഴേക്കും മുറ്റത്തേക്ക് പാഞ്ഞടുത്ത ആന ബിജുവിനെ തുമ്പിക്കൈ കൊണ്ട് ചുറ്റിപ്പിടിച്ച് നിലത്തടിക്കുകയായിരുന്നു. ഡെയ്സിയുടെ നിലവിളി കേട്ട് സമീപവാസികൾ ഒാടിയെത്തിയപ്പോഴേക്കും ആന കാട്ടിലേക്ക് മടങ്ങി. അപ്പോഴേക്കും ബിജു മരിച്ചിരുന്നു.

വനമേഖലയോട് ചേർന്ന പ്രദേശമാണ് ഇവിടം. ഞായറാഴ്ച രാത്രി മുതൽ കാട്ടാനയുടെ ശല്യം രൂക്ഷമായിരുന്നു. നാട്ടുകാർ പലതവണ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും സ്ഥലത്തെത്തിയില്ല. ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ സംഘടിച്ചതോടെ സംഘർഷാവസ്ഥയായി.

പമ്പയിൽ നിന്ന് പൊലീസെത്തി ബിജുവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ സമ്മതിച്ചില്ല.

ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ സ്ഥലത്തെത്തി ചർച്ച നടത്തിയശേഷമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. വിവരമറിഞ്ഞെത്തിയ ആന്റോ ആന്റണി എം.പി വനം വകുപ്പിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് കണമല ഫോറസ്റ്റ് ഓഫീസിൽ കുത്തിയിരുപ്പ് സമരം നടത്തി.

നാട്ടുകാർ കണമല ഫോറസ്റ്ര് ഒാഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിലും സംഘർഷമുണ്ടായി. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. തുടർന്ന് എരുമേലി- ഇലവുങ്കൽ റോഡ് നാട്ടുകാർ മണിക്കൂറുകളോളം ഉപരോധിച്ചു.

എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണി, ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ തുടങ്ങിയവരും സ്ഥലത്തെത്തി. കാട്ടാനശല്യത്തിന് പരിഹാരം കാണാമെന്ന് വനംവകുപ്പ് അധികൃതർ ഉറപ്പുനൽകിയ ശേഷമാണ് നാട്ടുകാർ പിരിഞ്ഞുപോയത്. മന്ത്രി വീണാജോർജും പ്രമോദ് നാരായൺ എം.എൽ.എയും ബിജുവിന്റെ വീട്ടിലെത്തി ഭാര്യയെ ആശ്വസിപ്പിച്ചു. കുടുംബത്തിന് ജില്ലാകളക്ടർ 5 ലക്ഷം രൂപ കൈമാറി. ബിജുവിന്റ സംസ്‌കാരം നാളെ തുലാപ്പള്ളി സെന്റ്‌തോമസ് മാർത്തോമ്മപ്പള്ളിയിൽ നടക്കും. മക്കൾ: ബിൻസി, ബിൻസൺ, ബിജോ. മരുമകൻ:ജോസ് ലി.

Advertisement
Advertisement