ഗ്ലാമർ പോരിൽ ഗോളില്ല!

Tuesday 02 April 2024 5:39 AM IST

ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും തമ്മിലുള്ള പോരാട്ടം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. സിറ്റിയുടെ തട്ടകമായ എത്തിഹാദിൽ നടന്ന മത്സരത്തിൽ ആധിപത്യം ആതിഥേയർക്ക് തന്നെയായിരുന്നു. നീക്കങ്ങളൊന്നും ഗോളാക്കാൻ ഇരുടീമിനും കഴിഞ്ഞില്ല. ഇതോടെ ബ്രൈറ്റണെ പിന്നിൽ നിന്ന് പൊരുതിക്കയറി 2-1ന് കീഴടക്കിയ ലിവർപൂളിന് ഒന്നാം സ്ഥാനത്ത് തുടരാം. 29 മത്സരങ്ങളിൽ നിന്ന് 67 പോയിന്റാണ് ലിവർ‌പൂളിനുള്ളത്. ആഴ്സനലിന് ഇത്രയും മത്സരങ്ങളിൽ നിന്ന് 65ഉം സിറ്റിയ്ക്ക് 64ഉം പോയിന്റാണുള്ളത്. 2-ാം മിനിട്ടിൽ ഡാനി വെൽബാക്കിലൂടെ മുന്നിലെത്തിയ ബ്രൈറ്റണെ 27-ാം മിനിട്ടിൽ ലൂയിസ് ഡിയാസും 65-ാം മിനിട്ടിൽ മൊഹമ്മദ് സലയും നേടിയ ഗോളുകളിലൂടെയാണ് ലിവർ മറികടന്നത്.

Advertisement
Advertisement