30000 പ്രസവമെടുത്തു; കൊച്ചിയുടെ പ്രിയങ്കരി

Wednesday 03 April 2024 7:29 PM IST

കൊച്ചി: കൊച്ചി നഗരവാസികളുടെ പ്രിയങ്കരിയായ ഗൈനക്കോളജിസ്റ്റായിരുന്നു ഇന്നലെ നിര്യാതയായ ഡോ.ശാന്താ വാര്യർ. ലക്ഷ്മി ആശുപത്രിയിലെ പ്രസവമുറിക്കു പുറത്ത് ആശങ്കയോടെ നിൽക്കുന്നവർക്ക് മുമ്പിലെത്തുന്ന ആശ്വാസ മുഖവുമായിരുന്നു അവരുടേത്. 30000 പ്രസവങ്ങൾ എടുത്തു എന്ന അപൂർവ ബഹുമതിക്ക് ഉടമയാണ് ഡോ. ശാന്ത.

1963ൽ മെഡിക്കൽ ബിരുദത്തിനുശേഷം പത്തുവർഷത്തോളം സർക്കാർ‌ സ‌ർവീസിൽ ജോലി ചെയ്ത ഡോ. ശാന്തയുടെ ഉപരിപഠനം ലണ്ടനിലായിരുന്നു. നാട്ടിൽ തിരിച്ചെത്തിയ ശേഷം ഭർത്താവ് ഡോ.കെ.കെ.ആർ. വാര്യരും ചേർന്ന് 1979ൽ എറണാകുളത്ത് ലക്ഷ്മി ആശുപത്രി ആരംഭിച്ചു. സ്ത്രീകളുടെ ആരോഗ്യ പരിചരണത്തിന് വേണ്ടിയായിരുന്നു ജീവിതം. ആധുനിക സാങ്കേതിക വിദ്യകളുടെ കാലത്തും ക്ലിനിക്കൽ ചികിത്സാരീതിയുടെ പ്രാധാന്യം അവർ എടുത്തുപറഞ്ഞിരുന്നു.

ഡോക്ടറുടെ വിയോഗത്തിൽ സങ്കടം അറിയിച്ച് നിരവധിപേർ, പ്രസവമുറിയുടെ വാതിൽ തുറന്നു വരുന്ന ഡോ. ശാന്തയെക്കുറിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ കുറിച്ചു. വാർദ്ധക്യ സഹജമായ പ്രശ്നങ്ങളെത്തുടർന്ന് വിശ്രമത്തിലായിരുന്നു.

മൃതദേഹം ഇന്നലെ രാവിലെ 10.30 മുതൽ വൈകിട്ട് ആറു വരെ ലക്ഷ്മി ആശുപത്രിയിൽ പൊതുദർശനത്തിന് വച്ചു. മേയർ എം. അനിൽകുമാർ, രമേശ് ചെന്നിത്തല, സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, കെ.എസ്. അരുൺകുമാർ, പി.എൻ. സീനുലാൽ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.