കരുവന്നൂർ കേസ്; മുൻ എം പി പി കെ ബിജുവിനെ ചോദ്യം ചെയ്യാൻ ഇ ഡി, മറ്റന്നാൾ ഹാജരാകണമെന്ന് നോട്ടീസ്

Tuesday 02 April 2024 7:55 PM IST

കൊച്ചി: കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസിൽ വീണ്ടും സിപിഎം നേതാക്കൾക്ക് നോട്ടീസയച്ച് ഇ.ഡി. മുൻ എം.പി പി.കെ ബിജു,കൗൺസിലർ എം.ആർ ഷാജൻ എന്നിവർക്കാണ് എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് നോട്ടീസയച്ചിരിക്കുന്നത്. പി.കെ ബിജു വ്യാഴാഴ്‌ച ഹാജരാകണമെന്നാണ് നോട്ടീസിൽ അറിയിച്ചിരിക്കുന്നത്. എം.ആർ ഷാജൻ വെള്ളിയാഴ്‌ചയാണ് ഹാജരാകേണ്ടത്. നിലവിൽ സിപിഎം നിയോഗിച്ച കരുവന്നൂർ തട്ടിപ്പ് അന്വേഷിക്കുന്ന സമിതി അംഗങ്ങളാണ് ഇരുവരും.

സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിനോട് ഹാജരാകണമെന്ന് ഇ.ഡി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്‌ച എത്താനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അദ്ദേഹം ഹാജരാകുമോ എന്നത് ഇനിയും വ്യക്തമല്ല. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണത്തിന് പിന്നിൽ രാഷ്ട്രീയ നീക്കമാണെന്ന് എംഎം വർഗീസ് നേരത്തെ പ്രതികരിച്ചിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സിപിഎമ്മിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ഇഡിക്ക് ഏരിയാ കമ്മിറ്റി വരെയുളള അക്കൗണ്ട് വിവരങ്ങൾ കൈമാറിയെന്നും അദ്ദേഹം പ്രതികരിച്ചു.

കോടികളുടെ വായ്പാതട്ടിപ്പ് നടന്ന തൃശൂരിലെ കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നും കോടികളുടെ ഇടപാടുകൾ ഇതുവഴി നടത്തിയിട്ടുണ്ടെന്നുമാണ് ഇഡി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ, റിസർവ് ബാങ്ക് ഒഫ് ഇന്ത്യ, കേന്ദ്രധനകാര്യ മന്ത്രാലയം എന്നിവയെ അറിയിച്ചിരിക്കുന്നത്. സഹകരണ നിയമങ്ങൾ പാലിക്കാതെ ജില്ലയിലെ സഹകരണ ബാങ്കുകളിൽ 25 അക്കൗണ്ടുകൾ പാർട്ടിക്കുണ്ടെന്നും ഇഡി നൽകിയ കത്തിൽ പറയുന്നു.

നേരത്തെ അന്വേഷണ റിപ്പോർട്ടുകൾ എം.എം വർഗിസിനോട് ഇ.ഡി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നൽകിയിരുന്നില്ല. പി.കെ ബിജുവിനോടും എം.ആർ ഷാജനോടും ഇതേകാര്യം ആവശ്യപ്പെട്ടെങ്കിലും അവരും നൽകിയില്ല. 150 കോടിയുടെ കരുവന്നൂർ തട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ജനുവരിയിൽ ഇഡി നൽകിയ കത്തിലാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നത്.