കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു, ഡ്രൈവറെ പിരിച്ചുവിട്ടു

Tuesday 02 April 2024 10:10 PM IST

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവറെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു.

മാര്‍ച്ച് 29ന് കോട്ടയം കളത്തിപ്പടിയിലുണ്ടായ അപകടവുമായി ബന്ധപ്പെട്ടാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ വി. ബ്രിജേഷിനെ പിരിച്ചുവിട്ടതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

തിരുവല്ലയില്‍ നിന്ന് മധുരയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസാണ് ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയത്.

കെഎസ്ആര്‍ടിസി സിഎംഡിയുടെ നിര്‍ദ്ദേശപ്രകാരം വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ ഡ്രൈവറുടെ അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും കാരണമാണ് അപകടമുണ്ടായതെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവറെ പിരിച്ചുവിട്ടതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു.