കാത്തിരിക്കുന്നത് ആയിരങ്ങൾ; കിട്ടാനില്ല സോളാർ നെറ്റ് മീറ്റർ

Wednesday 03 April 2024 4:23 AM IST

തിരുവനന്തപുരം: പ്രധാനമന്ത്രി പ്രഖ്യാപിച്ച പുരപ്പുറ സൂര്യഘർ പദ്ധതികൂടി വന്നതോടെ സംസ്ഥാനത്ത് സോളാർ നെറ്റ് മീറ്റർ കിട്ടാനില്ല. സോളാർ സ്ഥാപിച്ച് വൈദ്യുതി ഉത്പാദനത്തിന് മീറ്റർ കിട്ടാൻ കാത്തിരിക്കുകയാണ് ആയിരങ്ങൾ.

സംസ്ഥാനത്ത് നിലവിലുള്ള സൗര പദ്ധതിയുടെ കാലാവധി മാർച്ച് 31ന് അവസാനിക്കും മുമ്പ് പതിനായിരത്തിലേറെ വീടുകളിൽ ഒരുമിച്ച് പാനൽ വച്ചു. ഇതിനൊപ്പം സൂര്യഘറിനും ആവശ്യക്കാർ കൂട്ടത്തോടെ എത്തിയതാണ് നെറ്റ് മീറ്റർ ക്ഷാമത്തിന് കാരണമെന്ന് കെ.എസ്.ഇ.ബി പറയുന്നു. ഒരാഴ്ചക്കുള്ളിൽ ഒരുലക്ഷത്തിലേറെ അപേക്ഷകളാണ് സൂര്യഘറിന് കിട്ടിയത്. സ്റ്റോക്ക് തീർന്നതോടെ പുതിയ ഓർഡർ നൽകിയെങ്കിലും രാജ്യമാകെ വൻഡിമാൻഡ് ഉള്ളതിനാൽ മീറ്റർ കിട്ടാൻ കാലതാമസം വരികയാണ്. സോളാർ പാനലിനും ഇൻവെർട്ടറിനും ക്ഷാമമുണ്ട്.

നെറ്റ് മീറ്റർ പുറത്തുനിന്ന് 4000രൂപയ്ക്ക് കിട്ടും. എന്നാൽ ഗുണനിലവാരത്തിൽ ഉറപ്പില്ല. കെ.എസ്.ഇ.ബി നൽകുന്ന മീറ്ററിന് വാടക നൽകിയാൽ മതി. കേടായാൽ മാറ്റിനൽകും.

ഏപ്രിൽ 10നകം എല്ലാവർക്കും സോളാർ മീറ്റർ ലഭ്യമാക്കും. പുതിയ മീറ്ററിന് ഓർഡർ നൽകിയിട്ടുണ്ട്

- കെ.എസ്.ഇ.ബി

പി.എം.സൂര്യഘറിന്

സബ്സിഡി ₹ 78000

 പി.എം സൂര്യഘറിൽ മൂന്ന് കിലോവാട്ട് വരെയുള്ള സോളറിന് 78000 രൂപ സബ്സിഡി കിട്ടും. നിലവിലുള്ള പുരപ്പുറ സോളാറിന് 43,000 രൂപയാണ് സബ്സിഡി

 pmsuryghar.gov.inൽ അപേക്ഷിക്കണം. ആദ്യം സംസ്ഥാനം തിരഞ്ഞെടുക്കണം. തുടർന്ന് ഇലക്ട്രിസിറ്റി കൺസ്യൂമർ നമ്പർ,​ മൊബൈൽ നമ്പർ,​ ഇമെയിൽ എന്നിവ നൽകണം

 സൈറ്റിലുള്ള ഫോർമാറ്റിൽ സോളാറിനായി അപേക്ഷിച്ച്,​ ആവശ്യപ്പെടുന്ന രേഖകൾ അറ്റാച്ച് ചെയ്ത് കെ.എസ്.ഇ.ബിയിൽ നിന്നുള്ള അനുമതിക്കായി കാത്തിരിക്കണം

 ആധാർ,ഫോട്ടോ,റസിഡൻസി സർട്ടിഫിക്കറ്റ്,വരുമാന സർട്ടിഫിക്കറ്റ്, റേഷൻകാർഡ്, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷിക്കുന്നതിന് ആവശ്യമാണ്