മെഡി. കോളേജിൽ തിരിച്ചെടുത്തില്ല; ഉപവാസവുമായി നഴ്‌സിംഗ് ഓഫീസർ

Wednesday 03 April 2024 12:00 AM IST

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് സ്ഥലംമാറ്റിയ നടപടിക്കെതിരെ ഹൈക്കോടതി വിധിയുണ്ടായിട്ടും തിരികെ ജോലിയിൽ പ്രവേശിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് സീനിയർ നഴ്‌സിംഗ് ഓഫീസർ പി.ബി.അനിത പ്രിൻസിപ്പൽ ഓഫീസിന് മുന്നിൽ ഉപവാസ സമരം ആരംഭിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെ ജീവനക്കാരന്റെ പീഡനത്തിനിരയായ യുവതിക്ക് അനുകൂലമായി മൊഴിനൽകിയതിന് ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയെന്നായിരുന്നു അനിതയുടെ ആരോപണം. ഇതിനെതിരെ ഏപ്രിൽ ഒന്നിന് ഹൈക്കോടതിയിൽ നിന്നുള്ള അനുകൂല വിധിയുമായി കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിൽ എത്തിയെങ്കിലും പ്രിൻസിപ്പൽ അവധിയിലാണെന്ന കാരണം പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു. കോടതി ഉത്തരവ് നടപ്പാക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം വേണമെന്നായിരുന്നു പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന കോളേജ് സീനിയർ അഡ്മിനിസ്ട്രറ്റീവ് ഓഫീസർ എൻ. പത്മനാഭന്റെ വിശദീകരണം. തന്നെ ബോധപൂ‌ർവം മാറ്റിനിറുത്തുകയാണെന്നും തിരികെ ജോലിയിൽ കയറ്റുംവരെ മെഡിക്കൽ കോളേജിന് മുന്നിൽ സമരം നടത്തുമെന്നും അനിത വ്യക്തമാക്കി. അനിതയെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന വൈസ്‌പ്രസിഡന്റ് ബീന പൂവത്തിങ്കൽ ഉദ്ഘാടനം ചെയ്തു. കേരള ഗവ. നഴ്സസ് യൂണിയനും എൻ.ജി.ഒ അസോസിയേഷനും കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനും പ്രതിഷേധത്തിൽ പങ്കെടുത്തു.

തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് ശേഷം ഐ.സി.യുവിൽ കഴിയുകയായിരുന്ന യുവതിയെ 2023 മാർച്ച് 18നാണ് അറ്റൻഡറായ ശശീന്ദ്രൻ പീഡിപ്പിച്ചത്. തുടർന്ന് പരാതി പിൻവലിക്കാൻ ആശുപത്രിയിലെ അഞ്ച് ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് അതിജീവിത ആരോഗ്യ വകുപ്പിനെ സമീപിച്ചു. അതിനിടെയാണ് അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നൽകിയ സീനിയർ നഴ്സിംഗ് ഓഫീസർ അനിതയുടെ സ്ഥലംമാറ്റവുമുണ്ടായത്.

Advertisement
Advertisement