ഐഎസ്എല്‍: തുടര്‍ച്ചയായി മൂന്നാം സീസണിലും കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫില്‍

Tuesday 02 April 2024 11:50 PM IST

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ മൂന്നാം സീസണിലും പ്ലേഓഫ് ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് നടന്ന മത്സരത്തില്‍ പഞ്ചാബ് എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് ഒഡീഷ എഫ്.സി കീഴടക്കിയതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് പ്ലേഓഫിലെത്തിയത്.

നിലവില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 19 മത്സരങ്ങളില്‍ ഒമ്പത് ജയവും മൂന്ന് സമനിലയും ഏഴ് തോല്‍വിയുമടക്കം 30 പോയന്റാണ് മഞ്ഞപ്പടയുടെ അക്കൗണ്ടിലുള്ളത്.

ഡീയോ മൗറീഷ്യോയുടെ ഇരട്ടഗോള്‍ മികവിലാണ് ഒഡീഷ വിജയിച്ചത്. പഞ്ചാബ് നിരയില്‍ അതിഹ് തലൈ(38) ആശ്വാസ ഗോള്‍നേടി. ഇനിയുള്ള ഗ്രൂപ്പ് മത്സരങ്ങള്‍ എല്ലാം വിജയിച്ചാലും പഞ്ചാബിന് 27 പോയന്റ് മാത്രമാണ് നേടാനാകുക.

നേരത്തെ തന്നെ മുംബൈ സിറ്റി എഫ്സി, മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സ്, ഒഡീഷ, എഫ്.സി ഗോവ പ്ലേഓഫ് ഉറപ്പിച്ചിരുന്നു. അഞ്ചാം സ്ഥാനം ബ്ലാസ്റ്റേഴ്സും ഉറപ്പിച്ചതോടെ ഇനിയൊരു സ്പോട്ടാണ് ബാക്കിയുള്ളത്. തലപ്പത്തുള്ള രണ്ട് ടീമുകള്‍ നേരിട്ട് സെമിയിലേക്ക് പ്രവേശിക്കും.

നിലവില്‍ മുംബൈയും ഒഡീഷയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. അവശേഷിക്കുന്ന രണ്ട് സ്ഥാനത്തിനായി മറ്റുടീമുകള്‍ ഏറ്റുമുട്ടും.

നാളെ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.