പാണ്ഡ്യയുടെ പരീക്ഷണകാലം

Wednesday 03 April 2024 12:31 AM IST

ഗുജറാത്ത് ടൈറ്റാൻസിൽ നിന്ന് മുംബയ് ഇന്ത്യൻസിലേക്ക് നായകനായുള്ള തിരിച്ചുവരവിൽ ഹാർദിക് പാണ്ഡ്യ നേരിടുന്നത് കരിയറിലെ ഏറ്റവും വലിയ പരീക്ഷണമാണ്. രോഹിത് ശർമ്മയെ ക്യാപ്ടൻ കസേരയിൽ നിന്ന് മാറ്റിയാണ് മുംബയ് ഇന്ത്യൻസ് മുതലാളിമാർ ഹാർദിക്കിനെ പ്രതിഷ്ഠിച്ചത്.ആരാധകർക്കിടയിൽ ഇത് അലോസരമുണ്ടാക്കുമെന്ന് ഉറപ്പായിരുന്നെങ്കിലും ടീം കളി ജയിക്കുമ്പോൾ അതെല്ലാം പതിയെ മാറുമെന്ന് കരുതി. എന്നാൽ നിനച്ചതല്ല നടന്നത്. ഒന്നിന് പുറകെ ഒന്നായി മൂന്ന് മത്സരങ്ങൾ മുംബയ് ഇന്ത്യൻസ് തോറ്റു. ആദ്യ മത്സരം മുതൽ ഹാർദിക്കിനെ ഗ്രൗണ്ടിലിട്ട് കാണികൾ കൂവി വിളിച്ചു. ഒരു ഇന്ത്യൻ താരത്തിന് അതും ഇന്ത്യയെ നയിച്ചു പരിചയമുള്ള താരത്തിന് ഇന്ത്യൻ ഗ്രൗണ്ടിൽ വിദേശ താരങ്ങളുടെ മുന്നിലിട്ട് കൂവലും അപമാനവും സഹിക്കേണ്ടിവരികയെന്ന ഏറ്റവും മോശകരമായ അനുഭവമാണ് ഹാർദിക്കിന് നേരിട്ടത്. ഗുജറാത്ത് ടൈറ്റാൻസിനെതിരായ ആദ്യ മത്സരത്തിന് തന്റെ പഴയ തട്ടകമായ അഹമ്മദാബാദിൽ ചെന്നപ്പോൾ തങ്ങളെ ഇട്ടിട്ടുപോയതിന്റെ അമർഷമാണ് കാണികൾ കൂവിത്തീർത്തത്. രണ്ടാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് അടിച്ചുതകർത്തപ്പോൾ ബുംറയെ ബൗളിംഗിൽ നിന്ന് മാറ്റിനിറുത്തിയത് ഉൾപ്പടെയുള്ള തെറ്റായ തീരുമാനങ്ങളുടെ പേരിൽ കൂവൽ കിട്ടി. അതിലേറെ കഷ്ടം മൂന്നാം മത്സരത്തിൽ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിലിറങ്ങിയപ്പോൾ മുതൽ കാണികൾ കൂവിയതാണ്. ടോസിംഗിനെത്തിയ കമന്റേറ്റർ സഞ്ജയ് മഞ്ച്‌രേക്കർക്ക് കാണികളോട് മാന്യമായി പെരുമാറാൻ കയർക്കേണ്ടിവന്നു. എന്നിട്ടും അടങ്ങാത്തവരോട് കളിക്കിടെ രോഹിത് ശർമ്മയ്ക്കും ആവശ്യപ്പെടേണ്ടിവന്നു.

ഈ കൂവൽ ഹാർദിക് പാണ്ഡ്യയ്ക്ക് മാത്രമല്ല ഇന്ത്യൻ ക്രിക്കറ്റിന് മൊത്തത്തിലാണ് നാണക്കേടാകുന്നതെന്ന് രാജസ്ഥാൻ റോയൽസ് താരം രവിചന്ദ്രൻ അശ്വിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏതാണ്ട് ഇതേ അഭിപ്രായക്കാരാണ് മുൻ താരങ്ങൾ പലരും. ഐ.പി.എല്ലിൽ സീനിയർ താരങ്ങളെ ക്യാപ്ടൻസിയിൽ നിന്ന് മാറ്റുന്നത് സ്വാഭാവികമാണെന്നിരിക്കേ അതിന്റെ പേരിൽ ഒരു താരത്തെ അടച്ച് ആക്ഷേപിക്കുന്നത് ശരിയല്ലെന്നാണ് പൊതു അഭിപ്രായം.

എന്തുകൊണ്ട് ഹാർദിക്

1. ഹാർദിക്കിന് ഇത്രയും കൂവലുകൾ കിട്ടാനുള്ള പ്രധാന കാരണക്കാർ മുബയ് ഇന്ത്യൻസ് ടീം മാനേജ്മെന്റ് തന്നെ. രോഹിതിനെപ്പോലെ ഇന്ത്യൻ ടീമിനെ ഇപ്പോഴും നയിക്കുന്ന ഒരു താരത്തെ ക്യാപ്ടൻസിയിൽ നിന്ന് മാറ്റുമ്പോൾ അത് ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കാത്തരീതിയിൽ കൈകാര്യം ചെയ്യാൻ മുംബയ് ഇന്ത്യൻസിന് കഴിയണമായിരുന്നു. ധോണി നേരത്തേ ജഡേജയ്ക്കും ഇപ്പോൾ റുതുരാജിനും ക്യാപ്ടൻസി നൽകിയിട്ടും ഇത്തരത്തിലൊരു പ്രശ്നമുണ്ടായിട്ടില്ല. ആർ.സി.ബിയിൽ വിരാട് മാറിയപ്പോഴും കുഴപ്പമുണ്ടായിട്ടില്ല.

2. കളിക്കളത്തിൽ സീനിയർ താരങ്ങളോടുള്ള ഹാർദിക്കിന്റെ പെരുമാറ്റം പലപ്പോഴും വിമർശനം വിളിച്ചുവരുത്തിയിട്ടുണ്ട്. ഷമിയോടും മറ്ററും മുമ്പ് പുറത്തെടുത്ത സമീപനത്തിൽ ഏറെ പഴി കേട്ടിട്ടുണ്ട്. ഇക്കുറി രോഹിതിനെ ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യാനയച്ചതും ബുംറയ്ക്ക് ആദ്യ ഓവറുകളിൽ ബൗളിംഗ് നൽകാതിരുന്നതും ഒക്കെ ഹാർദിക്കിന്റെ താൻ പോരിമയായാണ് ആരാധകർ കണ്ടത്.

3. നായകസ്ഥാനത്തുനിന്ന് മാറ്റിയതിൽ പരസ്യമായി പ്രതിഷേധിച്ചില്ലെങ്കിലും രോഹിതിന് ഉള്ളിൽ വിഷമമുണ്ടെന്ന് വ്യക്തമാകുന്ന രീതിയിലായിരുന്നു ശരീര ഭാഷ. ഇത് ടീമിന്റെ ആരാധകർക്ക് ഇടയിൽ ശക്തമായ ചേരിതിരിവ് സൃഷ്ടിക്കാൻ ഇടയായി. ടീമിനുള്ളിൽ പോലും ഗ്രൂപ്പിസം വളരുന്ന സാഹചര്യമാണെന്നാണ് റിപ്പോർട്ടുകൾ.

4. ഇന്ത്യൻ ടീമിനേക്കാൾ പ്രധാനമാണ് ഐ.പി.എൽ ഫ്രാഞ്ചൈസിയോടുള്ള കൂറ് എന്ന് പരസ്യങ്ങളിലൂടെ മാർക്കറ്റ് ചെയ്യാൻ ശ്രമിക്കുന്ന ബി.സി.സി.ഐക്കും ഇത്തരത്തിലൊരു സാഹചര്യം സൃഷ്ടിച്ചതിൽ അൽപ്പമല്ലാത്ത പങ്കുണ്ട്. ദേശീയ ടീമാണ് പരമപ്രധാനമെന്നും ഐ.പി.എൽ ടീമുകളുടെ പേരിൽ ഇന്ത്യൻ താരങ്ങൾ തമ്മിൽ മാനസികമായ അകലം ഉണ്ടാകാൻ പാടില്ലയെന്നും ഉറപ്പുവരുത്തേണ്ടത് ബി.സി.സി.ഐയാണ്.