ശബരി പാതയുടെ 50% ചെലവ്: തീരുമാനം നീളുന്നു ഫയൽ ഗതാഗത വകുപ്പിന്

Wednesday 03 April 2024 12:47 AM IST

തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയിൽപാത പദ്ധതിയുടെ പകുതിച്ചെലവ് സംസ്ഥാനം വഹിക്കുന്നതിൽ തീരുമാനം നീളുന്നു. നിർമ്മാണച്ചെലവായി വേണ്ടിവരുന്ന 3800.93 കോടിയുടെ പകുതി 1900.47 കോടി കേരളം വഹിക്കണമെന്ന് കഴിഞ്ഞ ഡിസംബറിൽ റെയിൽവേ ആവശ്യപ്പെട്ടതാണ്. ഫയലിൽ തീരുമാനമെടുക്കാതെ ധനവകുപ്പ് മുഖ്യമന്ത്രിക്ക് അയച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ചീഫ് സെക്രട്ടറിക്കും. അവിടെ നിന്ന് തിങ്കളാഴ്ച ഗതാഗത വകുപ്പിന് കൈമാറി. കിഫ്ബിയിൽ നിന്ന് പണം കിട്ടില്ലെന്നതിനാൽ ധനവകുപ്പ് ഉഴപ്പുകയാണ്. ഉറപ്പു നൽകിയാൽ പിന്മാറാനാവില്ല എന്നതിനാലാണ് തീരുമാനം നീളുന്നത്.

3800.93 കോടിയായി എസ്റ്റിമേറ്റ് പുതുക്കിയപ്പോഴാണ് പകുതിച്ചെലവിന് റെയിൽവേ രേഖാമൂലമുള്ള ഉറപ്പാവശ്യപ്പെട്ടത്. ഇതുസമ്മതിച്ച് സംസ്ഥാനം ഉത്തരവിറക്കി ധാരണാപത്രം ഒപ്പിട്ടാലേ പുതിയ എസ്റ്റിമേറ്റ് റെയിൽവേ ബോർഡ് അംഗീകരിക്കൂ. അല്ലെങ്കിൽ കേന്ദ്രബഡ്‌ജറ്റിൽ പദ്ധതിക്ക് അനുവദിച്ച 100കോടി പാഴാവും. സർക്കാരിന്റെ കത്ത് കിട്ടിയാലേ പദ്ധതി മരവിപ്പിച്ച 2019ലെ ഉത്തരവ് റെയിൽവേ റദ്ദാക്കി ഭൂമിയേറ്റെടുക്കലടക്കം തുടങ്ങൂ. മുൻപ് ഘട്ടംഘട്ടമായി സംസ്ഥാന വിഹിതം നൽകിയാൽ മതിയായിരുന്നെങ്കിൽ ഇപ്പോൾ ഒറ്റത്തവണയായി നൽകണം.

പണം ലഭിക്കുമെന്നുറപ്പാക്കാൻ റിസർവ് ബാങ്കിന്റെ ഗ്യാരന്റിയും നൽകണം. അല്ലെങ്കിൽ സംസ്ഥാനത്തിന് അനുവദിക്കുന്ന കേന്ദ്രവിഹിതത്തിൽ കുറവു വരുത്തും.

ഇനി വേണ്ടത് കത്തും കരാറും

1.പദ്ധതിച്ചെലവിന്റെ പകുതി വഹിക്കാമെന്ന് മന്ത്രിസഭായോഗം തീരുമാനിക്കണം. ഇക്കാര്യമറിയിച്ച് റെയിൽവേയ്ക്ക് കത്ത് നൽകണം

2.പണം നൽകാമെന്ന് റെയിൽവേയുമായി കരാറൊപ്പിടണം. ഇതിന് റിസർവ് ബാങ്ക് ഗ്യാരന്റിയും നൽകണം

3.സാമ്പത്തികമായി ലാഭകരമല്ലാത്തതെന്ന് വിലയിരുത്തുന്ന പദ്ധതികളിലാണ് 50% ചെലവ് പങ്കിടാൻ റെയിൽവേ ആവശ്യപ്പെടുന്നത്