മസാല ബോണ്ട്: തോമസ് ഐസക്കിന് പങ്കുണ്ടെന്ന ഇ.ഡിയുടെ വാദം തള്ളി കിഫ്ബി സത്യവാങ്മൂലം

Wednesday 03 April 2024 1:27 AM IST

കൊച്ചി: ധനസമാഹരണത്തിനായി വിദേശത്ത് മസാല ബോണ്ട് പുറത്തിറക്കിയതിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് നിർണായക പങ്കുണ്ടെന്ന ഇ.ഡിയുടെ ആരോപണം നിഷേധിച്ച് കിഫ്ബി. ബോണ്ടിലൂടെ സമാഹരിച്ച 2150കോടിരൂപയും മാർച്ച് 27ന് തിരിച്ചടച്ചതാണെന്നും സി.ഇ.ഒ ഡോ.കെ.എം. എബ്രഹാം ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ

വ്യക്തമാക്കി.

ഗവേണിംഗ് ബോഡിയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമാണ് കിഫ്ബിയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്. യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുക എന്നതിനപ്പുറം വൈസ് ചെയർമാന് ഒരു പങ്കുമില്ല.
കിഫ്ബിയാണ് വിദേശത്തുനിന്ന് ഫണ്ട് സമാഹരിക്കുന്ന സംസ്ഥാനതലത്തിലുള്ള ആദ്യഏജൻസി. സമാഹരിച്ച 2150 കോടി രൂപ 339 അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കാണ് വിനിയോഗിച്ചത്. സി.ഇ.ഒയെ ആണ് ഫണ്ട് മാനേജരായി നിയമിച്ചിരിക്കുന്നത്. ഫണ്ട് വിനിയോഗത്തെ റിസർവ് ബാങ്ക് എതിർത്തിട്ടില്ല.
100കോടിരൂപവരെ ചെലവുവരുന്ന പദ്ധതികൾക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റിയും അതിൽ കൂടുതൽ തുക അനുവദിക്കേണ്ടതിന് ജനറൽ ബോഡിയുമാണ് അനുമതിനൽകുന്നതെന്നും കിഫ്ബി സത്യവാങ്മൂലത്തിൽ പറയുന്നു.

ഇ.ഡിയുടെ സമൻസ് ചോദ്യംചെയ്ത് കിഫ്ബിയും തോമസ് ഐസക്കും നൽകിയ ഹർജികൾ വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും.