ആ ചോദ്യം ചോദിക്കേണ്ടത് എന്നോടല്ല, അത് ശശി തരൂരിനോട് ചോദിക്കൂവെന്ന് രാജീവ് ചന്ദ്രശേഖര്‍

Wednesday 03 April 2024 6:42 PM IST

തിരുവനന്തപുരം: കേന്ദ്ര മന്ത്രിയായ താന്‍ തിരുവനന്തപുരത്തിന് വേണ്ടി എന്തുചെയ്തുവെന്ന ചോദിക്കുന്ന ഇരു മുന്നണികളും തെറ്റിധാരണയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. ഈ ചോദ്യം ചോദിക്കേണ്ടത് തന്നോടല്ലെന്നും സിറ്റിംഗ് എംപിയായ ശശി തരൂരിനോടും മുന്‍ എംപിയായ സഖാവ് പന്ന്യന്‍ രവീന്ദ്രനോടുമാണെന്നും അദ്ദേഹം പറഞ്ഞു.

18 വര്‍ഷത്തെ പൊതുപ്രവര്‍ത്തന രംഗത്ത് താന്‍ എന്തുചെയ്തുവെന്നത് തന്റെ വെബ്‌സൈറ്റ് പരിശോധിച്ചാല്‍ കാണാന്‍ കഴിയുമെന്നും അത് ആരോപണം ഉന്നയിക്കുന്നവര്‍ തങ്ങളുടെ ജീവിതകാലം മുഴുവന്‍ പരിശോധിച്ചാലും ചെയ്തുകാണില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് എന്ന് പറയുന്നത് ഒരു സിറ്റിംഗ് എംപിക്ക് മേല്‍ ജനങ്ങളുടെ ഹിതപരിശോധനകൂടിയാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിനായി അവര്‍ എന്ത് ചെയ്തുവെന്ന് വ്യക്തമാക്കാതെ താന്‍ തിരുവനന്തപുരത്തിനായി എന്ത് ചെയ്തു എന്നാണ് അവര്‍ അന്വേഷിക്കുന്നത്.

കഴിഞ്ഞ മൂന്ന് നാല് വര്‍ഷത്തെ കാര്യം പരിശോധിച്ചാല്‍ തിരുവനന്തപുരത്തിനായി നരേന്ദ്ര മോദി ഒരുപാട് കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞു. 70 വര്‍ഷം സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് ചെയ്ത കാര്യങ്ങള്‍ ഒരുമിച്ച് പരിഗണിച്ചാല്‍ പോലും അത്രയും വരില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഈ വിഷയത്തില്‍ ഒരു സംവാദത്തിന് താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച രണ്ട് പേര്‍ താന്‍ എന്ത് ചെയ്തുവെന്ന് ചോദിക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ പ്രത്യേകിച്ച് തിരുവനന്തപുരത്ത് കാര്യങ്ങള്‍ കുറച്ച് കൂടി മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും. നിലവില്‍ സ്ഥിതി മോശമാണെന്ന് താന്‍ പറഞ്ഞിട്ടില്ല, എന്നാല്‍ ഇപ്പോഴുള്ളതിന്റെ പത്ത് മടങ്ങ് ശേഷിയുള്ള നഗരമാണ് തിരുവനന്തപുരം. അത് ഐടി, ഡിജിറ്റല്‍, സ്റ്റാര്‍ട്ട്അപ്പ്, എക്കോണമി തുടങ്ങിയ കാര്യങ്ങളെ മുന്‍നിര്‍ത്തിയാണ് താന്‍ പറയുന്നത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്ന നിരവധി സംരംഭങ്ങള്‍ക്ക് സാദ്ധ്യതയും ശേഷിയും ഇവിടെയുണ്ട്- അദ്ദേഹം പറഞ്ഞു.