ഈ അഞ്ച് ജില്ലകളിലുള്ളവർ ശ്രദ്ധിക്കുക, രാത്രിയിൽ മഴപെയ്യും, ഒപ്പം ഇടിമിന്നലും കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്

Wednesday 03 April 2024 6:56 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ശക്തിപ്രാപിച്ചതിനെ തുടർന്ന് കനത്ത ചൂടാണ് ഇന്നും രേഖപ്പെടുത്തിയത്. ഇതിനിടെ വരുന്ന മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം തുടങ്ങി അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം ഇന്നുമുതൽ ഏപ്രിൽ ഏഴ് വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി വരെയും, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36ഡിഗ്രി വരെയും (സാധാരണയെക്കാൾ 2മുതൽ 4ഡിഗ്രി വരെ കൂടുതൽ) ഉയരാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഇന്നുമുതൽ ഏപ്രിൽ 7 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് കടലോരത്തോട് ചേർന്ന് ഗൾഫ് ഓഫ് മാന്നാറിനോട്‌ ചേർന്ന കന്യാകുമാരി തീരം, തെക്കൻ തമിഴ്നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്.