പ്രവർത്തനം നിറുത്തുന്നതിന് മുൻപുള്ള അവസാന നറുക്കെടുപ്പ്, ബിഗ് ടിക്കറ്റിന്റെ 22 കോടി രൂപ ഇന്ത്യക്കാരന്

Wednesday 03 April 2024 7:01 PM IST

അബുദാബി: യു.എ.ഇയിലെ ഗെയിമിംഗ് നിയന്ത്രണങ്ങൾക്ക് പിന്നാലെ താത്കാലികമായി പ്രവർത്തനം നിറുത്തുന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ 263-ാം സീരീസിന്റെ നറുക്കെടുപ്പ് നടന്നു. ബിഗ് ടിക്കറ്റിന്റെ ഗ്രാൻഡ് പ്രൈസായ ഒരു കോടി ദിർഹം (22 കോടിയിലേറെ രൂപ)​ പ്രവാസി ഇന്ത്യക്കാരനായ രമേശ് കണ്ണന് ലഭിച്ചു. തത്സമയ നറുക്കെടുപ്പിലാണ് രമേശ് കണ്ണൻ വിജയിയായത്.

മാർച്ച് 29ന് വാങ്ങിയ 056845 എന്ന നമ്പരാണ് സമ്മാനാർഹമായത്. കഴിഞ്ഞ ലൈവ് ഡ്രായിലെ ഗ്രാൻഡ് പ്രൈസ് നേടിയ മുഹമ്മദ് ഷെരീഫാണ് ഇത്തവണത്തെ വിജയിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്.

അതേസമയം മഹ്‌സൂസ്, എമിറേറ്റ്‌സ് ഡ്രോ എന്നീ നറുക്കെടുപ്പ് കമ്പനികൾക്ക് പിന്നാലെ ബിഗ് ടിക്കറ്റും പ്രവർത്തനം നിർത്തി വയ്ക്കുന്നതായി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. നടപടി താത്‌കാലികമാണെങ്കിലും എന്നുമുതൽ പ്രവർത്തനം പുനഃരാരംഭിക്കുമെന്ന് മൂന്ന് കമ്പനികളും വ്യക്തമാക്കിയിട്ടി. യു.എ.ഇയിലെ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി (ജി.സി.ജി.ആർ.എ) പുറപ്പെടുവിച്ച പുതിയ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് നീക്കമെന്നാണ് ബിഗ് ടിക്കറ്റിന്റെ വിശദീകരണം. ഗെയിമിംഗ് നിയന്ത്രണങ്ങൾ അനുസരിച്ച് താത്‌കാലികമായാണ് പ്രവർത്തനം നിർത്തുന്നതെന്നും ബിഗ് ടിക്കറ്റ് സൂചിപ്പിച്ചു.

യുഎഇയിൽ മികച്ച നിയന്ത്രിത ഗെയിമിംഗ് അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള റെഗുലേറ്റർമാരുടെ ശ്രമങ്ങളുടെ ഭാഗമായാണ് പ്രവർത്തനം താത്‌കാലികമായി അവസാനിപ്പിക്കുന്നതെന്ന് മഹ്‌സൂസും വിവരിച്ചു.ഉപഭോക്താക്കൾക്ക് മികച്ച ഗെയിമിംഗ് അനുഭവം നൽകാനാവും വിധം തിരിച്ചെത്താൻ സഹായിക്കുന്നതാണ് ജനുവരി ഒന്ന് മുതലുള്ള പ്രവർത്തനം നിർത്തിവയ്ക്കലെന്ന് എമിറേറ്റ് ഡ്രോയും വ്യക്തമാക്കി. വൈകാതെ യുഎഇയിൽ ദേശീയ ലോട്ടറി അവതരിപ്പിക്കുമെന്നും ഇതിന്റെ നടത്തിപ്പിനുള്ള ലൈസൻസ് യുഎഇയിലെ നറുക്കെടുപ്പ് കമ്പനികൾക്കൊന്നിന് ലഭിക്കുമെന്നും മഹ്‌സൂസിന്റെ വക്താവ് പറഞ്ഞു.

നേരത്തെ വിറ്റഴിച്ച 262 സീരീസിന്റെ നറുക്കെടുപ്പ് മുൻനിശ്ചയപ്രകാരം ഏപ്രിൽ മൂന്നിന് നടക്കുമെന്ന് ബിഗ് ടിക്കറ്റ് അധികൃതർ വ്യക്തമാക്കിയിരുന്നു. ഗ്രാൻഡ് പ്രൈസ് ആയ പത്ത് മില്യൺ ദിർഹം (22,70,74,131.80 രൂപ) വിജയിക്ക് നൽകും. കൂടാതെ ടിക്കറ്റിൽ പറയുന്ന മറ്റ് സമ്മാനങ്ങളും വിതരണം ചെയ്യും. മസരാറ്റി ഖിബിലി, റേഞ്ച് റോവർ എന്നീ കാറുകളുടെ നറുക്കെടുപ്പും ഇതിനൊപ്പം നടക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു. നേരത്തെ മേയ് മൂന്നിന് ഇവയുടെ നറുക്കെടുപ്പ് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.

കഴിഞ്ഞവർഷം ഡിസംബർ 30ന് മഹ്‌സൂസും, ഡിസംബർ 31ന് എമിറേറ്റ്‌സും ഡ്രോയും ഏപ്രിൽ ഒന്നിന് ബിഗ് ടിക്കറ്റും ടിക്കറ്റ് വിൽപന നിർത്തി. ബിഗ് ടിക്കറ്റിന്റെ സ്റ്റോറുകളും താത്‌കാലികമായി അടച്ചു. ബിഗ് ടിക്കറ്റിന്റെ ഡിജിറ്റൽ പ്ളാറ്റ്‌ഫോം ലഭ്യമാണെങ്കിലും ടിക്കറ്റ് വാങ്ങൽ, അക്കൗണ്ട് ലോഗിൻ, അക്കൗണ്ട് രജിസ്ട്രേഷൻ തുടങ്ങിയ വെബ്‌സൈറ്റ് സൗകര്യങ്ങൾ താൽക്കാലികമായി പ്രവർത്തനരഹിതമാകും. മറ്റ് രണ്ട് ഓപ്പറേറ്റർമാരുടെ വെബ്‌സൈറ്റുകൾ ആക്‌സസ് ചെയ്യാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഈ കാലയളവിൽ ഉപഭോക്താക്കളുടെ അക്കൗണ്ടുകളും പ്രവർത്തനരഹിതമായിരിക്കും.അതേസമയം, ഉപഭോക്താക്കൾക്ക് ശേഷിക്കുന്ന അക്കൗണ്ട് ബാലൻസ് പിൻവലിക്കാൻ അഭ്യർത്ഥിക്കാവുന്നതാണ്. മുൻ നറുക്കെടുപ്പുകളിൽ സമ്മാനങ്ങൾ നേടിയ വിജയികൾക്ക് ചെറുതോ വലുതോ ആയ എല്ലാ സമ്മാനങ്ങളും പൂർണ്ണമായും നൽകപ്പെടുമെന്നും മൂന്ന് കമ്പനികളും വ്യക്തമാക്കുന്നു.