നീക്കിയവയ്ക്ക് പകരം വാഹനങ്ങളില്ല; നക്ഷത്രമെണ്ണി പൊലീസ്

Thursday 04 April 2024 12:07 AM IST

കൊച്ചി: മെട്രോസിറ്റിയിൽ സുരക്ഷയൊരുക്കാൻ വേണ്ടത്ര വാഹനങ്ങളില്ലാതെ സിറ്റി പൊലീസ് നക്ഷത്രമെണ്ണുന്നു. 15വർഷം പിന്നിട്ട വാഹനങ്ങൾ പൂർണമായും ഒഴിവാക്കുകയും പകരം പുതിയ വാഹനങ്ങൾ കിട്ടാതാകുകയും ചെയ്തതാണ് തിരിച്ചടിയായത്. ബസ്, ജീപ്പ്, ബുള്ളറ്റ് എന്നിവയടക്കം 44 വാഹനങ്ങളാണ് മാറ്റിയിട്ടത്. പകരം വാഹനങ്ങൾ അനുവദിക്കണമെന്ന സിറ്റി പൊലീസിന്റെ ആവശ്യം പൊലീസ് ആസ്ഥാനത്ത് ഫയലിൽ ഉറങ്ങുകയാണ്.

സർക്കാർ ആവശ്യങ്ങൾക്ക് വാങ്ങുന്ന വാഹനങ്ങൾ 15 വർഷത്തിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് കേന്ദ്രനിയമം. ഏതൊരു സാഹചര്യത്തിലും ചീറിപ്പായാൻ കെൽപ്പുള്ള വാഹനങ്ങളാണ് ഇതിനാൽ കയറ്റിയിട്ടത്. ഉപയോഗിക്കാത്ത വാഹനങ്ങളിൽ ബൈക്കുകളാണ് അധികം. ബുള്ളറ്റടക്കം 35 ബൈക്കുകൾ വരും. കേന്ദ്രഫണ്ട് ഉടൻ ലഭിക്കുമെന്നും വൈകാതെ ആവശ്യാനുസരണം വാഹനങ്ങൾ എത്തിച്ചുനൽകാമെന്നുമാണ് പൊലീസ് ആസ്ഥാനത്തുനിന്നുള്ള വിവരം.

സിറ്റിയിൽ ജീപ്പുകളേക്കാൾ പൊലീസിന് ഗുണംചെയ്യുന്നത് ബൈക്കുകളാണ്. ഇടവഴിലുടെയും മറ്റും എളുപ്പത്തിൽ ലക്ഷ്യത്തിൽ എത്തിച്ചേരാമെന്നതാണ് കാരണം. ബൈക്കുകൾ അധികവും കയറ്റിയിടേണ്ടിവന്ന സഹാചര്യത്തിൽ സ്വന്തം ബൈക്കും സ്‌കൂട്ടറും ഡ്യൂട്ടിക്കായി ഉപയോഗിക്കേണ്ടിവരുന്നുണ്ട്. ഇന്ധനച്ചെലവ് സ്വയം വഹിക്കണം. സ്വകാര്യവാഹനങ്ങൾക്ക് ഇന്ധനച്ചെലവ് കൊടുക്കാൻ പാടില്ലെന്ന ചട്ടമാണ് പൊലീസുകാർക്ക് പാരയായത്. ഇതിനാൽ കാലോചിതമായ മാറ്റം കൊണ്ടുവരാനുള്ള ആലോചനയും നടക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് വന്നു, കുടിശിക കിട്ടി
ഇന്ധന-അറ്റകുറ്റപ്പണി കുടിശിക തീർത്തതോടെ കൊച്ചി സിറ്റി പൊലീസിലെ കട്ടപ്പുറത്തുള്ള വാഹനങ്ങൾ തിരികെ സ‌ർവീസിൽ കയറി. തിരഞ്ഞടപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഫെബ്രുവരിവരെയുള്ള കുടിശികയ്ക്കുള്ള ഫണ്ട് നൽകുകയായിരുന്നു. ഇന്ധനകുടിശികമൂലം അംഗീകൃത പമ്പുകളൊന്നും ഡീസൽ നൽകാത്തതിനാൽ ജീപ്പുകളും ബസുകളും ജില്ലാ ക്യാമ്പ് ഓഫീസിൽ ഒതുക്കിയിട്ടിരിക്കുകയായിരുന്നു. കൺട്രോൾറൂമിന്റെ വാഹനവും സ്റ്റേഷനുകളുടെ ജീപ്പുകളും അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. ഇന്ധനപ്രതിസന്ധിമൂലം രാത്രികാല പട്രോളിംഗും വെട്ടിക്കുറച്ചിരുന്നു. ഒരു ജീപ്പിന് പ്രതിമാസം 200 ലിറ്രർ ഡീസലാണ് വേണ്ടത്.

വരും എട്ട് ഇ ബൈക്ക്
കൊച്ചി സിറ്റി പൊലീസിലേക്ക് എട്ട് ഇലക്ട്രിക് ബൈക്കുകൾ വൈകാതെ എത്തും. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡാണ് (സി.എസ്.എം.എൽ) ബൈക്കുകൾ നൽകുന്നത്. 15ലക്ഷംരൂപഫണ്ട് ഉപയോഗിച്ച് ഇ ബൈക്കുകൾ വാങ്ങാൻ ആഭ്യന്തര വകുപ്പ് പൊലീസിന് അനുമതി നേരത്തെ നൽകിയിരുന്നു. സിറ്റി പൊലീസിനുകീഴിൽ രൂപീകരിച്ച 'സിറ്റി വാരിയേഴ്‌സാകും ഈ ബൈക്കുകൾ ഉപയോഗിക്കുക.

Advertisement
Advertisement