ആലപ്പുഴയില്‍ കണക്കില്ലാതെ കൊണ്ടുവന്നത് ലക്ഷങ്ങള്‍, പിടികൂടിയത് പ്രത്യേക സംഘം
Wednesday 03 April 2024 8:58 PM IST
ആലപ്പുഴ: കൃത്യമായ കണക്കുകളില്ലാതെ കൊണ്ടുവന്ന പണം പിടികൂടി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലെ സ്റ്റാറ്റിക്ക് സര്‍വൈലന്‍സ് സംഘം കളര്‍കോട് നടത്തിയ പരിശോധനയിലാണ് 12 ലക്ഷം രൂപ പിടിച്ചെടുത്തത്.
തുടര്‍നടപടികള്‍ക്കായി ആദായനികുതി നോഡല്‍ ഓഫീസര്‍ക്ക് തുക കൈമാറി. ആലപ്പുഴ ജില്ലയില്‍ 27 പരിശോധനാകേന്ദ്രങ്ങളിലായി 81 സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
വാഹന പരിശോധനയുള്‍പ്പെടെ നടത്തി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിധത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തുക, മദ്യം-മയക്കുമരുന്നു കടത്ത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ തടയുക എന്നിവയാണ് പ്രത്യേക സംഘത്തിന്റെ ചുമതല.
ഇതു കൂടാതെ ആലപ്പുഴയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലായി 54 ഫ്‌ളൈയിംഗ് സ്‌ക്വാഡുകളും പ്രവര്‍ത്തിക്കുന്നുണ്ട്.