ടി.ടി.ഇയെ തള്ളിയിട്ടത് കൊല്ലാൻ തന്നെയെന്ന് എഫ്.ഐ.ആർ  പ്രതിക്കെതിരെ കൊലക്കുറ്റം, റിമാൻഡ് ചെയ്തു

Thursday 04 April 2024 1:50 AM IST

തൃശൂർ: ട്രെയിനിൽ നിന്ന് ടി.ടി.ഇ വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതി ഒഡിഷ സ്വദേശി രജനീകാന്ത രണജിത്തിനെതിരെ റെയിൽവേ പൊലീസ് കൊലക്കുറ്റം ചുമത്തി. ടി.ടി.ഇയെ കൊല്ലണമെന്ന ലക്ഷ്യത്തോടെയാണ് പ്രതി തള്ളിയിട്ടതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ട്രെയിനിന്റെ എസ്- 11 കോച്ചിന്റെ പിന്നിൽ വലതു ഡോറിന് സമീപത്ത് നിൽക്കുകയായിരുന്ന ടി.ടി.ഇയെ പ്രതി പിന്നിൽ നിന്ന് രണ്ടു കൈകൊണ്ടും തള്ളിയിടുകയായിരുന്നു. ഇന്നലെ വൈകിട്ട് തൃശൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പാലക്കാട് റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്നലെ അർദ്ധരാത്രിയോടെയാണ് തൃശൂരിലെത്തിച്ചത്. യാത്രക്കാർ നൽകിയ വിവരം അനുസരിച്ച് പാലക്കാട് നിന്നാണ് പ്രതിയെ റെയിൽവേ പൊലീസ് പിടികൂടിയത്. തൃശൂരിൽ നിന്ന് കയറിയ പ്രതിയോട് ടി.ടി.ഇ ടിക്കറ്റ് ചോദിച്ചത് മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷൻ കഴിഞ്ഞാണ്. എറണാകുളം- പാട്‌ന സൂപ്പർ ഫാസ്റ്റ് തൃശൂരിൽ നിന്ന് പുറപ്പെട്ടത് വൈകിട്ട് 6.47നാണ്. ഏഴോടെയാണ് സംഭവം നടന്നത്.

ജനറൽ ടിക്കറ്റുമായി റിസർവ് കോച്ചിൽ കയറിയതിന് ആയിരം രൂപ പിഴ നൽകണമെന്ന് പറഞ്ഞതോടെയാണ് പ്രതി പ്രകോപിതനായത്. കൈയിൽ പണമില്ലായിരുന്നെന്നും പിഴ നൽകണമെന്നും പറഞ്ഞതോടെയാണ് തള്ളിയിട്ടതെന്ന് പ്രതി മൊഴി നൽകി. തർക്കത്തിനൊടുവിൽ വിനോദ് ഫോൺ ചെയ്യുന്നതിനിടെയാണ് തള്ളിയിട്ടത്.

സംഭവശേഷം ഇയാൾ യാത്രക്കാരോടും തട്ടിക്കയറി.

പ്രതിയുമായി തെളിവെടുത്തു

വെളപ്പായ റെയിൽവേ ഓവർ ബ്രിഡ്ജിന് താഴെ ട്രാക്കിൽ നിന്നാണ് വിനോദിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രതിയെ ഈ ഭാഗത്തെത്തിച്ച് തെളിവെടുത്തു. ഭാവ വ്യത്യാസമില്ലാതെയാണ് പ്രതി പൊലീസിന്റെ ചോദ്യങ്ങളോട് പ്രതികരിച്ചത്. ട്രെയിനിൽ നടന്ന തർക്കവും പുറത്തേക്ക് തള്ളിയിട്ട സാഹചര്യവും വിവരിച്ചു. പ്രതിയുടെ ശാരീരിക പരിമിതിയും സുരക്ഷയും കണക്കിലെടുത്ത് ട്രാക്കിന് സമീപം മൺതിട്ടയിൽ നിന്നാണ് തെളിവെടുത്തത്.

റെയിൽവേ പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്ത് പരിശോധന നടത്തി. വിനോദിന്റെ തലമുടി അടക്കമുള്ള തെളിവുകൾ ശേഖരിച്ചു.

തലയ്ക്കേറ്റ ഗുരുതര

പരിക്ക് മരണകാരണം

ട്രെയിനിൽ നിന്ന് തള്ളിയിട്ടപ്പോൾ തലയ്‌ക്കേറ്റ ഗുരുതര പരിക്കും കാലുകൾ അറ്റുപോയതും വിനോദിന്റെ മരണത്തിന് കാരണമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വീഴ്ചയിൽ പാളത്തിലെ പില്ലറിലോ മറ്റോ തലയിടിച്ച് ആഴത്തിൽ പരിക്കേറ്റിട്ടുണ്ട്. തൊട്ടടുത്ത ട്രാക്കിലൂടെ പോയ ട്രെയിൻ കയറിയാണ് രണ്ടുകാലും അറ്റുപോയതെന്നാണ് കരുതുന്നത്. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റുമോർട്ടം.

Advertisement
Advertisement