'കോൺഗ്രസിന് സ്വന്തം പതാക ഉയർത്തിപ്പിടിക്കാൻ കഴിയുന്നില്ല,​ അതിന്റെ ചരിത്രം  അറിയുമോ'; വിമർശിച്ച് മുഖ്യമന്ത്രി

Thursday 04 April 2024 10:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് എൽഡിഎഫ് അനുകൂല വികാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ കോൺഗ്രസിലെ പ്രമുഖ നേതാവ് വയനാട്ടിലെത്തി നാമനിർദേശ പത്രിക നൽകിയെങ്കിലും സ്വന്തം പാർട്ടി പതാക അവിടെ എവിടെയും കണ്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം പാർട്ടി പതാക ഉയർത്തിപ്പിടിക്കാൻ പോലും കഴിയാത്ത പാർട്ടിയായി കോൺഗ്രസ് മാറുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

'രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് കോൺഗ്രസ് സ്ഥാനാർത്ഥിയായിട്ടാണ്. അദ്ദേഹം ആ പാർട്ടിയുടെ ദേശീയ നേതാവുമാണ്. നിരവധി കോൺഗ്രസ് നേതാക്കൾ ഇന്നലെ വയനാട്ടിൽ എത്തിയിട്ടും എന്തുകൊണ്ട് കോൺഗ്രസ് പതാക അവർ ഉയർത്തിയില്ല. കഴിഞ്ഞ തവണ വിവാദം ഉണ്ടായത് കൊണ്ടാണ് മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും പതാക ഒഴിവാക്കിയതെന്നാണ് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്തത്. പതാക ഒഴിവാക്കിയത് ഭീരുത്വമായ പ്രവർത്തിയാണ്. മുസ്ലിം ലീഗിന്റെ പതാക ഉയർത്താതിരിക്കാൻ സ്വന്തം പാർട്ടിയുടെ പതാകയ്ക്ക് പോലും അയിത്തം കൽപ്പിക്കുന്ന അവസ്ഥയിലേക്ക് കോൺഗ്രസ് എത്തി.

ലീഗിന്റെ വോട്ട് വേണം പതാക വേണ്ട. ഇന്നത്തെ കോൺഗ്രസ് നേതാക്കൾക്ക് ആ പതാകയുടെ ചരിത്രം അറിയുമോയെന്ന് സംശയമുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ സമ്പന്നമായ ചരിത്രത്തോടൊപ്പം ആ പാർട്ടി പതാക ഉയർത്താൻ ജീവത്യാഗം ചെയ്ത ദേശാഭിമാനികളെ കൂടി മറന്നിരിക്കുന്നു. മഹാത്മാ ഗാന്ധിയുടെ ആശയമാണ് ആ ത്രിവർണ പതാക. അത് എല്ലാ ഇന്ത്യക്കാരെയും ഒരു പോലെ പ്രതിനിധീകരിക്കുന്നു. ആ പതാകയുടെ അടിസ്ഥാന സത്വം ഉൾക്കൊണ്ടാണ് ഇന്ത്യയുടെ പതാകയ്ക്ക് രൂപം നൽകിയത്. ഈ പതാക ഉയർത്തിപ്പിടിക്കാൻ സ്വാതന്ത്ര്യസമരക്കാലത്ത് എത്ര കോൺഗ്രസുകാർ ബ്രീട്ടിഷുകാരുടെ മർദ്ദനം നേരിട്ടിട്ടുണ്ട്. ഈ ചരിത്രം കോൺഗ്രസുകാർക്ക് അറിയില്ലേ,​' പിണറായി വിജയൻ ചോദിച്ചു.

ആ ചരിത്രമാണ് നിർണായക തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപിയെ ഭയന്ന് ഒളിപ്പിച്ചുവയ്ക്കുന്നത്. സ്വന്തം പതാക ഉയർത്താതെ വർഗീയവാദികളെ ഭയന്ന് പിന്മാറും വിധം കോൺഗ്രസ് അധഃപതിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരുവന്നൂർ വിഷയത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. കരുവന്നൂരിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ട് ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു കള്ളപ്പണ ഇടപാടും സിപിഎമ്മിനില്ല. ജനങ്ങൾ നൽകുന്ന പണം സിപിഎം സുതാര്യമായാണ് കെെകാര്യം ചെയ്യുന്നതെന്നും അതിനാലാണ് ഇലക്ടറൽ ബോണ്ടിനെതിരെ നിന്നതെന്നും പിണറായി വിജയൻ പറഞ്ഞു.