കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്: സിപിഎം അന്വേഷണ കമ്മിഷൻ അംഗം പി കെ ബിജു ഇഡിക്ക് മുന്നിൽ ഹാജരായി

Thursday 04 April 2024 11:00 AM IST

കൊച്ചി: കരുവന്നൂർ ബാങ്ക് വായ്‌പാ തട്ടിപ്പുകേസിൽ മുൻ എം.പിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ. ബിജു എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനുമുന്നിൽ ഹാജരായി. ഇഡി വിളിച്ചിരിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും അവരുടെ ചോദ്യങ്ങൾക്ക് അറിയാവുന്ന മറുപടി നൽകുമെന്നും പി കെ ബിജു മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

കേസിൽ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ആദ്യമായാണ് ബിജു ഇഡിക്ക് മുന്നിൽ ഹാജരാവുന്നത്. കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാറുമായി ബിജുവിന് സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് ഇഡി പറയുന്നത്. കരുവന്നൂ‌ർ കള്ളപ്പണ ഇടപാടിലൂടെ സമ്പാദിച്ചതാണ് ബിജുവിന്റെ ആസ്‌തിയെന്നും ഇഡി ആരോപിക്കുന്നു.

പി. കെ. ബിജുവിന് പുറമെ, തൃശൂർ കോർപ്പറേഷൻ കൗൺസിലറും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ. ഷാജനും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. ഷാജൻ നാളെ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച് സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മിഷൻ അംഗങ്ങളായിരുന്നു ഇരുവരും. അന്വേഷണ റിപ്പോർട്ട് സി.പി.എം പുറത്തുവിട്ടിരുന്നില്ല. ഇഡി റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും കൈമാറാൻ സി.പി.എം തയ്യാറായതുമില്ല. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇവരിൽനിന്ന് അറിയുക എന്നതും ഇഡിക്ക് ലക്ഷ്യമുണ്ട്. നിയമവിരുദ്ധമായി വായ്‌പകൾ അനുവദിക്കാൻ ഇരുവരും ഇടപെട്ടിട്ടുണ്ടെന്നും ഇ.ഡി സംശയിക്കുന്നുണ്ട്.

അതേസമയം, സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിനോട് ഇന്നലെ ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല. ഈ മാസം 26വരെ ഹാജരാകാൻ ആകില്ലെന്നാണ് എം.എം. വർഗീസ് അറിയിച്ചിരിക്കുന്നത്. എന്നാൽ നാളെതന്നെ ഹാ‌ജരാകണമെന്ന് കർശന നിർദേശം നൽകിയിരിക്കുകയാണ് ഇഡി.