കേന്ദ്ര വീഴ്ച: 62,​000 പേർക്ക് ക്ഷേമപെൻഷൻ കിട്ടിയില്ല

Friday 05 April 2024 4:08 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാപെൻഷൻ കിട്ടുന്നവരിൽ 62000 പേർക്ക് കേന്ദ്രസർക്കാരിന്റെ വീഴ്ച മൂലം പണം കിട്ടിയില്ലെന്ന് ആക്ഷേപം.

കേന്ദ്രസഹായത്തോടെയുള്ള പെൻഷൻ വിതരണം കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള പബ്ളിക് ഫിനാൻസ് മാനേജ്മെന്റ് സിസ്റ്റത്തിലേക്ക് മാറ്റി. അത് നേരിട്ട് ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തും. എന്നാൽ

സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാപെൻഷൻ തുക 1600 ആയി ഏകീകരിച്ചതോടെ ഇത് സംസ്ഥാനം നേരിട്ട് നൽകാമെന്നു പറഞ്ഞെങ്കിലും കേന്ദ്രം അനുവദിച്ചില്ല. ഇതോടെ സംസ്ഥാനവിഹിതം കൂടി പബ്ളിക് ഫിനാൻസ് മാനേജ്മെന്റ് സിസ്റ്റത്തിലേക്ക് നിക്ഷേപിക്കുന്ന സംവിധാനം ഏർപ്പെടുത്തി.എന്നാൽ,​ എല്ലാമാസവും ഇത് കൃത്യമായി കിട്ടുന്നില്ലെന്ന കാരണം പറഞ്ഞ് പെൻഷൻ വിതരണം കേന്ദ്രസർക്കാർ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് ആക്ഷേപം. കഴിഞ്ഞ മാസം 15ന് സംസ്ഥാനസർക്കാർ തുക കൈമാറിയെങ്കിലും 1.94 ലക്ഷം ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചില്ല. സംസ്ഥാനം പരാതിപ്പെട്ടതോടെ തുക വിതരണം ചെയ്തതായി കേന്ദ്രം അറിയിച്ചു. എന്നാൽ 62000 പേർക്ക് ഇനിയും പെൻഷൻ കിട്ടാനുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള അഞ്ചിനം സാമൂഹ്യ സുരക്ഷ പെൻഷനുകളിൽ, വാർദ്ധക്യകാല പെൻഷൻ, വിധവ പെൻഷൻ, വികലാംഗ പെൻഷൻ എന്നീ മൂന്നിനങ്ങൾക്ക് 200 രൂപ, 300 രൂപ, 500 രൂപ എന്നിങ്ങനെ നിരക്കുകളിലാണ് 6.8 ലക്ഷം പേർക്ക് കേന്ദ്ര സഹായം ലഭിക്കുന്നത്.