കെൽട്രോണിന് റെക്കാഡ് വിറ്റുവരവ്

Friday 05 April 2024 12:40 AM IST

കൊച്ചി: സംസ്ഥാന സർക്കാർ സ്ഥാപനമായ കെൽട്രോൺ കഴിഞ്ഞ സാമ്പത്തിക വർഷം ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിറ്റുവരവായ 643 കോടി രൂപ കൈവരിച്ചു. 2021-22 വർഷം നേടിയ 520 കോടിയുടെ റെക്കാഡാണ് മറികടന്നത്. അടുത്ത സാമ്പത്തിക വർഷം ആയിരം കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇന്ത്യൻ നാവിക സേന, എൻ. പി. ഒ. എൽ എന്നിവയ്ക്ക് വേണ്ടി പ്രതിരോധ മേഖലയ്ക്കുള്ള ഇലക്ട്രോണിക്‌സ് ഉത്പ്ന്നങ്ങൾ നിർമ്മിച്ച് നൽകിയതിലൂടെ നൂറ് കോടി രൂപ നേടാൻ കെൽട്രോണിന് കഴിഞ്ഞു. ഐ. ടി അനുബന്ധ സേവനങ്ങൾ, സ്മാർട്ട് ക്ലാസ് റൂമുകൾ, കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് സംവിധാനങ്ങൾ, ന്യൂക്ലിയർ പവർ പ്ലാന്റുകൾ, സ്മാർട്ട് സിറ്റി പദ്ധതികൾ, ഐ.എസ്.ആർ.ഒ എന്നീ മേഖലകളിൽ നിന്നും മികച്ച ബിസിനസാണ് കെൽട്രോണിന് ലഭിച്ചത്.
ഉപകമ്പനികളായ കണ്ണൂരിലെ കെ. സി. സി.എൽ (104 കോടി രൂപ), മലപ്പുറത്തെ കെ.ഇ.സി.എൽ (30 കോടി രൂപ) എന്നിവ ഉൾപ്പെടെ കെൽട്രോൺ ഗ്രൂപ്പ് കമ്പനികൾ 777 കോടി രൂപയുടെ വിറ്റുവരവും 59 കോടി രൂപ പ്രവർത്തന ലാഭവുമുണ്ടാക്കി. മുൻ സാമ്പത്തിക വർഷത്തേക്കാൾ 33 ശതമാനം വർദ്ധനയാണുള്ളത്.

ലക്ഷ്യം

കെൽട്രോണിന്റെ നേതൃത്വത്തിൽ കേരളത്തെ ഇലക്ട്രോണിക്‌സ് ഹബ്ബാക്കി മാറ്റാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ആറ് വർഷത്തിനുള്ളിൽ 2000 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്. സ്മാർട്ട് ക്ലാസ്സ് റൂമുകൾ സ്ഥാപിക്കാനായി തമിഴ് നാട് സർക്കാരിന്റെ കരാറും പ്രതിരോധ, ഐടി, ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് മേഖലയിൽ നിന്നുള്ള കരാറുകളും കണക്കിലെടുത്താൽ നടപ്പു സാമ്പത്തിക വർഷം വിറ്റുവരവ് 1000 കോടി രൂപ കടക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ 1600 കോടി രൂപയുടെ ഓർഡർ ബുക്കിംഗ് കെൽട്രോണിനുണ്ട്.

Advertisement
Advertisement