അരുണാചലിൽ മലയാളികളുടെ മരണം: കൂട്ടാളികളെ തിരയുന്നു
തിരുവനന്തപുരം : അരുണാചൽ പ്രദേശിൽ മലയാളി ദമ്പതികളുടെയും സുഹൃത്തിന്റെയും മരണത്തിലേക്ക് നയിച്ച സംഘത്തിലുള്ളവരെ പൊലീസ് തിരയുന്നു. സാഹചര്യ തെളിവുകളിൽ നിന്ന്, സത്താൻസേവ പോലുള്ള അന്ധവിശ്വാസമാണെ നിഗമനത്തിലാണ് അരുണാചൽ, കേരള പൊലീസ് സംഘങ്ങൾ.ഇവർ താമസിച്ച ഇറ്റാനഗറിലെ സിറോ താഴ്‌വരയിലെ ബ്യൂ പൈൻ ഹോട്ടലിന് സമീപമാണ് ഇത്തരം സംഘങ്ങളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നത്.
വട്ടിയൂർക്കാവ് എസ്.ഐ രാകേഷ് ഉൾപ്പെടെ മൂന്നംഗ സംഘം അവിടെ തുടരുകയാണ്. നവീനും ദേവിയും മുമ്പും അരുണാചൽ പ്രദേശിൽ പോയിട്ടുണ്ട്. ഇത്തരം വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നവർ ഇവിടെയുണ്ടെന്നാണ് പൊലീസ് നിഗമനം. ഇവർ കോഡ് ഭാഷയിൽ ഇമെയിൽ സന്ദേശങ്ങൾ പതിവായി കൈമാറിയിരുന്നതായി കണ്ടെത്തി. 2021 മുതലുള്ള ഇമെയിലും ചാറ്റുകളും പരിശോധിച്ചെന്നും സ്വന്തം പേരിലല്ല ആശയവിനിമയം നടത്തിയതെന്നും തിരുവനന്തപുരം ഡി.സി.പി നിധിൻ രാജ് വ്യക്തമാക്കി. മരണത്തിന് അരുണാചൽ പ്രദേശ് തിരഞ്ഞെടുത്തിന് കാരണമുണ്ടെന്നാണ് പൊലീസിന്റെ നിരീക്ഷണം. ഈ നിഗമനങ്ങൾ ശരിവയ്‌ക്കുന്ന തെളിവുകളാണ് ഇവരുടെ ലാപ്‌ടോപ്പുകളിലുള്ളത്. അന്യഗ്രഹ ജീവിതത്തെക്കുറിച്ചുള്ള ലേഖനങ്ങളും ചിത്രങ്ങളും ലഭിച്ചു. മൂന്ന് വീട്ടുകാരുടെയും വിശദമായ മൊഴി പൊലീസെടുക്കും.
മൃതദേഹങ്ങൾ ഇന്നലെ നാട്ടിലെത്തിച്ചു. ദേവിയുടെയും ആര്യയുടെയും മൃതദേഹങ്ങൾ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. നവീന്റെ സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് കോട്ടയം മീനടം സെന്റ്തോമസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ നടക്കും.
കൊതിച്ചത് ചോര
വാർന്നു മരണം
ദേവിയുടെയും ആര്യയുടെയും സമ്മതത്തോടെ, അവരുടെ കൈഞരമ്പ് മുറിച്ച ശേഷം നവീൻ അതേരീതിയിൽ ജീവനൊടുക്കി. രക്തം വാർന്നുള്ള മരണമാണ് മൂവരും തിരഞ്ഞെടുത്തത്. ഡാർക്‌നെറ്റ് പോലുള്ള പ്ളാറ്റ്‌ഫോമുകളിൽ നിന്നാണ് വിചിത്രവിശ്വാസത്തിന്റെ ഭാഗമായുള്ള അന്യഗ്രഹജീവിതം സ്വപ്നം കണ്ടത്.
കറുത്ത കല്ലുവളകൾ,
റേസർ ബ്ലേഡുകൾ
മരണസമയത്ത് ദേവിയും ആര്യയും കറുത്ത കല്ല് പതിച്ച വളകൾ ധരിച്ചിരുന്നതായി കണ്ടെത്തി. ഇത്തരം വളകൾ ധരിക്കുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.
ശരീരത്തിൽ മുറിവുണ്ടാക്കാൻ ഉപയോഗിച്ച മൂന്ന് റേസർ ബ്ലേഡുകളും കണ്ടെത്തി. വെവ്വേറെ ബ്ലേഡുകൾ ഉപയോഗിച്ചാണു മുറിവ് ഉണ്ടാക്കിയത്. സ്ത്രീകളിൽ ഒരാൾ കട്ടിലിലും മറ്റൊരാൾ തറയിലും നവീൻ ബാത്ത് റൂമിലുമാണ് മരിച്ച് കിടന്നതെന്ന് ഹോട്ടൽ ജീവനക്കാർ പൊലീസിന് മൊഴി നൽകി.
വിശ്വാസവും ബാഹ്യ പ്രേരണയും ആത്മഹത്യയ്ക്കു പിന്നിലുണ്ടാകാം. മറ്റുള്ളവരുടെ പങ്കും പരിശോധിക്കുന്നുണ്ട്.
-നിധിൻ രാജ്.പി
ഡെപ്യൂട്ടി കമ്മീഷണർ
തിരുവനന്തപുരം.