വെന്തുരുകി കടപ്പാറ മൂർത്തിക്കുന്ന് ആദിവാസി കോളനിക്കാർ

Friday 05 April 2024 1:54 AM IST
കടപ്പാറ മൂർത്തിക്കുന്ന് ആദിവാസി കോളനി

മംഗലംഡാം: ചുട്ടുപൊള്ളുന്ന ഇരുപത് സെന്റ് പാറപ്പുറത്ത് 22 കുടുംബങ്ങളായി കഴിയുന്ന കടപ്പാറ മൂർത്തിക്കുന്ന് ആദിവാസി കോളനിക്കാർക്കെന്നും ദുരിതം മാത്രം. പാറക്കൂട്ടങ്ങൾ മാത്രമുള്ള കോളനിയിലെ വീടുകൾക്കു ചുറ്റും തലങ്ങും വിലങ്ങും വലിയ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നിലും വെള്ളം വരാറില്ലെന്നു കോളനിവാസികൾ പറയുന്നു.

 ശുചിമുറിയില്ല

പ്രദേശം മുഴുവൻ പാറകൾ നിറഞ്ഞതിനാൽ ഒരടി പോലും താഴ്ത്താൻ കോളനിയിൽ മണ്ണില്ല. ഇതേ കാരണത്താൽ ഇവിടെ ശുചിമുറിയില്ല. പ്രാഥമിക കൃത്യങ്ങൾ നിറവേറ്റുന്നത് താഴെയുള്ള തോട്ടിലും പൊന്തക്കാടുകളിലുമാണ്. ഇതിനാൽ അതിരാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ നടത്തണം. പിന്നെ രാത്രി ഇരുട്ടും വരെ കാത്തിരിക്കണം.

 സംസ്കരിക്കാൻ ഇടമില്ല

മണ്ണില്ലാത്തതിനാൽ ആരെങ്കിലും മരിച്ചാൽ സംസ്കരിക്കാനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ചുറ്റും കല്ലുകെട്ടി ഉയർത്തി അതിൽ മൃതദേഹം വച്ചാണ് മറവുചെയ്യുന്നത്. ദുർഗന്ധം അസഹ്യമായാൽ ചന്ദനത്തിരിയും മറ്റും കത്തിച്ചുവച്ച് മണം അകറ്റും. നിലവിലുള്ള വീടുകളെല്ലാം തകർന്നുവീഴാറായ നിലയിലാണ്. ഉയരം കുറഞ്ഞ വീടിനുള്ളിൽ കനത്ത ചൂടിൽ ഇരിക്കാനാകില്ല. പുറത്ത് പാറകളായതിനാൽ അവിടെയുമില്ല ആശ്രയം. കോളനിവാസികളെ മാറ്റി പാർപ്പിക്കാൻ മേലാർക്കോട്ടിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിലും അവിടെ ഇവർക്ക് ജീവിക്കാനുള്ള വരുമാനമാർഗങ്ങളൊന്നുമില്ല. മാറ്റി പാർപ്പിച്ചാൽ വനവിഭവങ്ങൾ ശേഖരിക്കാൻ ഇത്രയും ദൂരം താണ്ടി കടപ്പാറയിൽതന്നെ എത്തണം. അതേസമയം കൃഷിഭൂമിക്കും വീടിനുമായി കോളനിക്കടുത്ത് മൂർത്തിക്കുന്നിൽ വനഭൂമി കൈയേറിയുള്ള ഇവരുടെ രാപ്പകൽ സമരം എട്ടുവർഷമായി തുടരുകയാണ്‌.

ആശ്രയം കാട്ടുചോലകൾ

കടപ്പാറ മൂർത്തിക്കുന്ന് ആദിവാസി കോളനിയിലുള്ളവർ വെള്ളത്തിന് ഇന്നും ആശ്രയിക്കുന്നത് കിലോമീറ്ററുകൾ ദൂരെയുള്ള കാട്ടുചോലയിലെ ഉറവകളെയാണ്. കാട്ടിൽ നിന്ന് ഹോസ് വഴി വെള്ളം എത്തിച്ചാണ് ഇവർ പ്രാഥമികാവശ്യങ്ങൾ ഉൾപ്പെടെ നിറവേറ്റുന്നത്.

Advertisement
Advertisement