കോൺ. പതാക ഒഴിവാക്കിയത് ബി.ജെ.പിയെ ഭയന്ന്: പിണറായി 

Friday 05 April 2024 12:15 AM IST

കൊച്ചി: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ റോഡ്ഷോയിൽ പതാകകൾ ഒഴിവാക്കിയത് സംഘപരിവാറിനെ ഭയന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലീഗിന്റെ പതാക ഒഴിവാക്കാനായി സ്വന്തം പതാകയും കോൺഗ്രസ് വേണ്ടെന്നുവച്ചു.

ലീഗ് പതാകയെ കഴിഞ്ഞതവണ പാകിസ്ഥാൻ പതാകയായി ബി.ജെ.പിക്കാർ പ്രചരിപ്പിച്ചതിന്റെ ഭീതിയാണ് കാരണം. എതിർക്കുന്നതിനു പകരം സംഘപരിവാർ ഭീഷണിക്ക് മുന്നിൽ സ്വയം മറക്കുകയാണ് കോൺഗ്രസ്. ത്രിവർണപതാക ഉയർത്തിപ്പിടിച്ചതിനാണ് പല സ്വാതന്ത്ര്യസമര സേനാനികളും രക്തസാക്ഷികളായത്. ചരിത്രം കോൺഗ്രസ് മറക്കരുത്.

യു.ഡി.എഫ് തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയുമായി ഡീൽ ഉറപ്പിച്ചിട്ടുണ്ട്. ബി.ജെ.പിയുമായി കോൺഗ്രസിന് പല സീറ്റിലും രഹസ്യധാരണയുണ്ട്. ആറ്റിങ്ങലിൽ കഴിഞ്ഞതവണ വോട്ടുമറിച്ചെന്ന ബി.ജെ.പി നേതാവിന്റെ വെളിപ്പെടുത്തൽ തുറന്നുപറച്ചിൽ മാത്രമാണ്.

രാജ്യസഭയിലും ഭൂരിപക്ഷം നേടിയാൽ ഭരണഘടന പൊളിച്ചുപണിയുമെന്ന് ബി.ജെ.പിക്കാ‌‌ർ സൂചിപ്പിക്കുന്നുണ്ട്. കെ.സി. വേണുഗോപാൽ മത്സരിക്കുന്നത് രാജ്യസഭയിൽ ബി.ജെ.പിയുടെ അംഗബലം കൂട്ടാമെന്ന രഹസ്യ ധാരണയോടെയാണ്. രാജസ്ഥാനിൽ നിന്നുള്ള അംഗമാണ് വേണുഗോപാൽ. അവിടെ അടുത്ത ഊഴം ബി.ജെ.പിക്കാണ്. ആലപ്പുഴയിലെ വോട്ടർമാർ ഈ നീക്കം പരാജപ്പെടുത്തും.

സി.പി.എമ്മിന് രഹസ്യ
അക്കൗണ്ടില്ല

സി.പി.എമ്മിന് രഹസ്യ ബാങ്ക് അക്കൗണ്ടുകളില്ലെന്നും കള്ളപ്പണം സ്വീകരിക്കാറില്ലെന്നും പിണറായി പറഞ്ഞു. എല്ലാ അക്കൗണ്ടുകളും പാനുമായി ബന്ധിപ്പിച്ചതാണ്. അംഗത്വഫീസ്, ലെവി, സംഭാവന എന്നിങ്ങനെയാണ് ഫണ്ട് സ്വരൂപിക്കുന്നത്. എല്ലാവർഷവും നികുതിറിട്ടേൺ സമർപ്പിക്കുന്നു. ഓഡിറ്റും നടത്തുന്നു. ചോദിക്കുന്നതിലധികം പണം ജനം സംഭാവന നൽകുന്നുണ്ട്. അതുകൊണ്ടാണ് ഇലക്ടറൽ ബോണ്ട് വേണ്ടെന്നുവയ്ക്കാനും ബോണ്ട് അഴിമതിയാണെന്ന് പറയാനും പാ‌ർട്ടി ആ‌ർജവം കാട്ടിയത്.

കേന്ദ്ര ഏജൻസികളെ

തിരിച്ചറിയണം

ബി.ജെ.പി ഇതര പാർട്ടികളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികൾ വലവീശുകയാണ്. കോൺഗ്രസിന് ഇരട്ടത്താപ്പാണ്. ഡി.എൽ.എഫ് കേസിൽ പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് ഒഴിവായത് ആ കമ്പനി ബി.ജെ.പിക്ക് വൻതുക ഇലക്ടറൽ ബോണ്ട് നൽകിയ ശേഷമാണ്. ഡൽഹി മദ്യനയക്കേസ് ക്ഷണിച്ചുവരുത്തിയതും ഇപ്പോൾ ഇ.ഡിക്കെതിരേ സമരം നയിക്കുന്നതും കോൺഗ്രസാണ്. തോമസ് ഐസക്കിന് ഇ.ഡി നോട്ടീസയച്ചപ്പോൾ പ്രതിപക്ഷനേതാവ് അദ്ദേഹത്തിനെതിരെ രംഗത്തുവന്നു. കേജ്‌രിവാളിന്റെ അറസ്റ്റിൽ നിന്ന് അനുഭവപാഠം ഉൾക്കൊണ്ടാൽ നന്ന്.