സമുദായാംഗങ്ങൾക്ക് ഏതുമുന്നണിക്കും വോട്ടുനൽകാം: ജി.സുകുമാരൻ നായർ

Friday 05 April 2024 12:33 AM IST

തിരുവനന്തപുരം: സമുദായത്തിലുള്ളവർക്ക് ഏതുമുന്നണിക്കും മനഃസാക്ഷിക്കനുസരിച്ച് വോട്ടുനൽകാമെന്നും ഒരു രാഷ്ട്രീയപാർട്ടിയോടും അടുപ്പമോ അകൽച്ചയോ ഇല്ലെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇത്തവണയും സമദൂരത്തിലാണ് സംഘടന നിലയുറപ്പിച്ചിട്ടുള്ളത്. എങ്ങനെയും ജയിക്കണമെന്ന ചിന്തയിൽ അധർമ്മത്തിന് കൂട്ടിനിൽക്കുന്ന പ്രവർത്തനത്തിനോട് യോജിക്കുന്നില്ല. വിശ്വസികൾക്ക് അവരുടെ വിശ്വാസത്തിനൊപ്പം നിന്നവർക്ക് വോട്ടുചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ രാഷ്ട്രീയപാർട്ടിയിലുള്ളവർ സമുദായത്തിലുണ്ട്. മൂന്നുമുന്നണിയിലും അവർക്ക് തൃപ്തിയുള്ള സ്ഥാനാർത്ഥിക്ക് ജാതിമതഭേദമന്യേ വോട്ടുനൽകാം. മുന്നാക്കക്കാരായതിനാൽ എൻ.എസ്.എസിനെ ചേരിതിരിഞ്ഞാണ് ഭരണകൂടങ്ങൾ കാണുന്നത്. സമുദായത്തിലും പട്ടിണിപ്പാവങ്ങളുണ്ട്. എണ്ണമല്ല, മനുഷ്യത്വവും സാമൂഹികനീതിയുമാണ് പരിഗണിക്കേണ്ടത്. ഇത്തരം കാര്യങ്ങളിൽ ഭരണകൂടങ്ങളുടെ പ്രവർത്തനങ്ങൾക്കനുസരിച്ചായിരിക്കും എൻ.എസ്.എസ് ഇനി രാഷ്ട്രീയനിലപാട് സ്വീകരിക്കുക.

യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ ഡൽഹി നായരല്ല,​ അസ്സൽ നായർ തന്നെയാണ്. അത് തിരിച്ചറിഞ്ഞാണ് അദ്ദേഹത്തെ എൻ.എസ്.എസ് പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നത്. ധാരണപ്പിശകുമൂലമാണ് നേരത്തെ മറിച്ച് പറഞ്ഞതെന്നും സുകുമാരൻ നായർ വ്യക്തമാക്കി.