ചൂട് കൂടുതലാണെങ്കിലും ഇക്കാര്യങ്ങൾ ചെയ്‌താൽ കറന്റ് ബിൽ കുത്തനെ കുറയ്‌ക്കാം; വൈദ്യുതി ലാഭിക്കാനുള്ള സൂത്രങ്ങൾ പറഞ്ഞ് കെഎസ്‌ഇബി

Friday 05 April 2024 11:08 AM IST

തിരുവനന്തപുരം: വൈദ്യുതി ഉപയോഗം ക്രമാതീതമായി വർദ്ധിക്കുന്നതുമൂലം ലൈനിൽ ലോഡുകൂടി ഫ്യൂസ് പോവുന്നതും വോൾട്ടേജിൽ ഗണ്യമായ കുറവുണ്ടാവുന്നതും നിയന്ത്രിക്കാനാവാത്ത സ്ഥിതിയിലെത്തിയെന്ന് കെ എസ് ഇ ബി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൈകുന്നേരം ആറുമണി മുതൽ 12 മണിവരെ ഇടയ്ക്കിടെ വൈദ്യുതി തടസ്സമുണ്ടാകുന്നുവെന്ന പരാതി വ്യാപകമാണ്. ചൂടുകാരണം എസിയുടെ ഉപയോഗം വളരെയധികം കൂടിയതും രാത്രി സമയത്ത് വൈദ്യുതി വാഹനങ്ങൾ കൂടുതലായി ചാർജ് ചെയ്യുന്നതും വൈദ്യുതി വിതരണ സംവിധാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും കെ എസ് ഇ ബി ചൂണ്ടിക്കാട്ടി.

വൈകീട്ട് ഏഴ് മണിക്കുശേഷം പ്രസരണ വിതരണ ട്രാൻസ്‌ഫോമറുകളുടെ ലോഡ് ക്രമാതീതമായി വർദ്ധിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. രണ്ടാഴ്ച്ചയിലേറെയായി സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റിന് മുകളിലാണ്. വൈദ്യുതി ഉപയോഗത്തിലെ സർവ്വകാല റെക്കാഡായ 10.77 കോടി യൂണിറ്റാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. മുൻകാലങ്ങളിൽ പീക്ക് ലോഡ് ആവശ്യകത വൈകിട്ട് ആറു മുതൽ പത്തുമണി വരെയായിരുന്നത് ഇപ്പോൾ രാത്രി 12 മണിവരെയെത്തിയെന്നും കെ എസ് ഇ ബി വ്യക്തമാക്കുന്നു.

നിലവിലെ സാഹചര്യത്തിൽ രാത്രി സമയങ്ങളിൽ എസിയുടെ ഉപയോഗം ഒഴിവാക്കാനാവില്ലെങ്കിലും താപനില 25 ഡിഗ്രി സെൽഷ്യസിലോ അതിനുമുകളിലോ ആക്കി നിലനിർത്താൻ കഴിയുമെന്നും ഇങ്ങനെ ചെയ്യുന്നതിലൂടെ വലിയതോതിൽ വൈദ്യുതി ലാഭിക്കാനുമാകുമെന്നും കെ എസ് ഇ ബി പറയുന്നു. തുണി കഴുകുന്നതും ഇസ്തിരിയിടുന്നതും പമ്പ് സെറ്റുകളുടെ ഉപയോഗവും രാത്രി സമയത്ത് ഒഴിവാക്കണം. എസിയുടെ ഉപയോഗം അത്യാവശ്യമുള്ള മുറികളിൽ മാത്രമായി ചുരുക്കാം. ഉപയോഗത്തിലല്ലാത്ത ലൈറ്റുകൾ അണയ്ക്കാം. ഓട്ടോമാറ്റിക് വാട്ടർ ഫില്ലിംഗ് സംവിധാനം ഒഴിവാക്കി പകൽ സമയത്ത് വെള്ളം പമ്പ് ചെയ്യാം. വൈദ്യുതി ഉപയോഗിച്ചുള്ള പാചകവും കഴിയുന്നിടത്തോളം ഈ സമയത്ത് ഒഴിവാക്കണമെന്ന് കെ എസ് ഇ ബി അഭ്യർത്ഥിക്കുന്നു.

രാത്രികാലത്ത് ഉപയോഗിക്കുന്ന വൈദ്യുതിയുടെ ഭൂരിഭാഗവും കൽക്കരി നിലയങ്ങളിൽ നിന്നുള്ളതാണെന്ന് ബോർഡ് പറയുന്നു. ഈ സമയത്ത് പരിസ്ഥിതി മലിനീകരണം സൃഷ്ടിച്ചുകൊണ്ട് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നത് സാമൂഹികവും പാരിസ്ഥിതികവുമായ ഉത്തരവാദിത്തമാണ്. നിലവിലെ പ്രതികൂല സാഹചര്യം തിരിച്ചറിഞ്ഞ് ഉപഭോക്താക്കൾ സഹകരിക്കണമെന്നും കെ എസ് ഇ ബി പറയുന്നു.

Advertisement
Advertisement