മൈക്ക് ഒടിഞ്ഞുവീണു; അഞ്ച് മിനിട്ടോളം മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെട്ടു

Friday 05 April 2024 12:15 PM IST

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ മൈക്ക് ഒടിഞ്ഞുവീണു. കോട്ടയത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്റെ പ്രചാരണത്തിനായി വൈക്കത്തെത്തിയപ്പോഴായിരുന്നു സംഭവം.

മൈക്ക് ഒടിഞ്ഞുവീണതോടെ അഞ്ച് മിനിട്ടോളം പ്രസംഗം തടസപ്പെട്ടു. ഇന്ന് കോട്ടയത്ത് നടക്കുന്ന നിരവധി പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. ഇതിൽ ആദ്യത്തേതായിരുന്നു വൈക്കത്തേത്. പ്രസംഗത്തിനായി മൈക്ക് അഡ്ജസ്റ്റ് ചെയ്യുന്നതിനിടയിൽ ഊരി കൈയിലേക്ക് വീഴുകയായിരുന്നു.

മൈക്ക് വീണതോടെ മുഖ്യമന്ത്രി ഇരിപ്പിടത്തിലേക്ക് മടങ്ങി. മന്ത്രി വാസവനും ജോസ് കെ മാണി എം പിയും മൈക്ക് ശരിയാക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് ഓപ്പറേറ്റർ എത്തി മൈക്ക് ശരിയാക്കിയതോടെ മുഖ്യമന്ത്രി തിരികെയെത്തി പ്രസംഗിക്കുകയായിരുന്നു. മുമ്പ് പ്രസംഗിക്കുന്നതിനിടെ മൈക്കിന് സാങ്കേതിക തകറാറുകൾ സംഭവിച്ചപ്പോൾ മുഖ്യമന്ത്രി ദേഷ്യപ്പെട്ടിരുന്നു. മൈക്ക്‌ ഓപ്പറേറ്റർമാർക്കെതിരെ കേസെടുക്കുമെന്ന് വരെ റിപ്പോർട്ടുകളുണ്ടായിരുന്നു.