മൂവാറ്റുപുഴയിൽ കുളിക്കാനിറങ്ങിയ അമ്മൂമ്മയും ചെറുമകളും മുങ്ങിമരിച്ചു, ഒരുകുട്ടി അതീവ ഗുരുതരാവസ്ഥയിൽ

Friday 05 April 2024 4:32 PM IST

മൂവാറ്റുപുഴ: പുഴയിൽ കുളിക്കാനിറങ്ങിയ അറുപതുകാരിയും കൊച്ചുമകളും മുങ്ങിമരിച്ചു. കിഴക്കേക്കുടിയിൽ ആമിന, കൊച്ചുമകൾ പന്ത്രണ്ടുകാരി ഫര്‍ഹ ഫാത്തിമ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഫര്‍ഹയുടെ സഹോദരി ഫന ഫാത്തിമ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇന്നുരാവിലെ പതിനൊന്നുമണിയോടെ രണ്ടാർകരയിൽ നെടിയാൻമല കടവിലായിരുന്നു അപകടം. ഇവിടെ സ്ഥിരമായി കുളിക്കാനെത്തിയിരുന്ന ഇവർക്ക് സ്ഥലപരിചയമുണ്ടായിരുന്നു. എങ്ങനെയാണ് അപകടത്തിൽപ്പെട്ടതെന്ന് വ്യക്തമല്ല.

സമീപത്തുണ്ടായിരുന്ന ചില സ്ത്രീകളാണ് അപകടം ആദ്യം കാണുന്നത്. ഇവർ വിവരം ഉടൻതന്നെ തൊട്ടടുത്ത് പെയിന്റിംഗ് ജോലിയിൽ ഏർപ്പെട്ടിരുന്നവരെ അറിയിച്ചു. അവരാണ് ഓടിയെത്തി ആമിനയെയും കൊച്ചുമകളെയും പുഴയിൽ നിന്ന് പുറത്തെടുത്തത്. ഒരു കുട്ടികൂടി അപകടത്തിൽപ്പെട്ടുവെന്ന് ഇവർ അറിഞ്ഞിരുന്നില്ല. അല്പംകഴിഞ്ഞ് വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് മൂന്നുപേരാണ് കുളിക്കാൻ പോയതെന്ന് വ്യക്തമായത്. ഇതോടെ അഗ്നിശമന സേനയെ വിവരമറിയിച്ചു. അവരെത്തി നടത്തിയ തിരച്ചിലിലാണ് മൂന്നാമത്തെയാളെ പുഴയിൽ നിന്ന് കണ്ടെത്തിയത്. അപകടസ്ഥലത്തെ മൂവരുടെയും ചെരിപ്പുകളും പാത്രവും നൊമ്പരക്കാഴ്ചയായി.

കോലഞ്ചേരി മെഡിക്കൽകോളേജിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്. കുട്ടി ഇപ്പോൾ വെന്റിലേറ്ററിലാണെന്നാണ് റിപ്പോർട്ട്.