ആ ട്രെയിനിൽ ഒരൊറ്റ സംവിധാനം ഉണ്ടായിരുന്നെങ്കിൽ ടിടിഇ വിനോദിന് ജീവൻ നഷ്‌ട‌മാകുമായിരുന്നില്ല

Friday 05 April 2024 5:48 PM IST

തൃശൂർ: എറണാകുളം - പാറ്റ്‌ന എക്‌സ്പ്രസിൽ ഓട്ടോമാറ്റിക് ഡോർ ഉണ്ടായിരുന്നെങ്കിൽ, ടി.ടി.ഇ. വിനോദിന് ഈ ദുരന്തമുണ്ടാകുമായിരുന്നില്ല. വന്ദേഭാരത് ട്രെയിനുകളിൽ ഓട്ടോമാറ്റിക് വാതിലുകളുണ്ട്. അതുകൊണ്ട് അപകടങ്ങളും അതിക്രമങ്ങളും ഒഴിവാകും. ട്രെയിൻ ഓടുമ്പോൾ വാതിൽ താനേ തുറന്ന് വീഴുന്ന അപകടങ്ങളും കവർച്ച നടത്തി വാതിൽ വഴി രക്ഷപ്പെടുന്നതും തള്ളിയിടുന്നതുമെല്ലാം തുടരുമ്പോഴും പുതിയ ട്രെയിനിൽ പോലും ഓട്ടോമാറ്റിക് ഡോർ സ്ഥാപിക്കാനുള്ള ശ്രമമില്ല.


വന്ദേഭാരതിൽ അത്യാവശ്യഘട്ടങ്ങളിൽ ലോക്കോ പൈലറ്റിനോട് യാത്രക്കാർക്ക് വിവരം കൈമാറാനുള്ള സംവിധാനം പോലുമുണ്ട്. എന്തെങ്കിലും അപകടമോ കുറ്റകൃത്യമോ ഉണ്ടായാൽ വിവരം ധരിപ്പിക്കാം. എന്നാൽ ഇതൊന്നും പുതിയ ട്രെയിനിലില്ല. പുതിയ മെമു ട്രെയിനുകളിൽ ക്യാമറകളുണ്ട്. പക്ഷേ പഴയ ട്രെയിനിൽ പേരിന് പോലുമില്ല. ഇപ്രാവശ്യം പ്രതി കുറ്റം സമ്മതിച്ചത് കൊണ്ടും ദൃക്‌സാക്ഷികളുള്ളതിനാലും പൊലീസിന് കാര്യങ്ങൾ എളുപ്പമായി. ക്യാമറ ഉണ്ടായിരുന്നെങ്കിൽ കുറ്റകൃത്യത്തിന്റെ ദൃശ്യം തെളിവാകുമായിരുന്നു.

വെറുതേ പദ്ധതികൾ

രാജ്യാന്തര തലത്തിൽ റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കുമ്പോഴും പഴഞ്ചൻ കമ്പാർട്ടുമെന്റുകളുമായാണ് ട്രെയിനുകൾ സർവീസ് നടത്തുന്നത്. സി.സി.ടി.വി ക്യാമറ സ്ഥാപിക്കാനുള്ള കേന്ദ്ര പദ്ധതി പോലും എങ്ങുമെത്തിയില്ല.

പദ്ധതിക്ക് ഒച്ചിഴയുന്ന വേഗമാണ്. ഓരോ കോച്ചിലും എട്ട് ക്യാമറകൾ സ്ഥാപിക്കാനായിരുന്നു നീക്കം. അതോടെ വാതിലും ഇടനാഴികളും നിരീക്ഷണപരിധിയിൽ വരും. സാങ്കേതിക വിദ്യയുടെ വളർച്ച ട്രെയിൻ യാത്രാ സൗകര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടാക്കിയിട്ടില്ല. പുതിയ ട്രെയിനുകളിൽ മാത്രമാണ് ആധുനിക സൗകര്യങ്ങളുള്ളത്. വടക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രെയിനുകളിൽ ടോയ്‌ലറ്റ് മുതൽ കംപാർട്ടുമെന്റുകൾ വരെ വൃത്തിഹീനമായിരിക്കും.

മൂന്ന് വർഷം മുൻപ് മുളന്തുരുത്തിയിൽ യുവതിക്ക് നേരെയുണ്ടായ അക്രമത്തെ തുടർന്ന് സുരക്ഷ ചർച്ചയായെങ്കിലും നടപടിയുണ്ടായില്ല. സൗമ്യ സംഭവത്തിന് പിന്നാലെയായിരുന്നു ട്രെയിനിലെ സുരക്ഷിതത്വമില്ലായ്മ ഏറെചർച്ചയായത്. രാത്രി സർവീസിൽ മാത്രമാണ് ഇപ്പോൾ ആർ.പി.എഫിന്റെ സുരക്ഷ.

പ്ലാറ്റ്‌ഫോമും സുരക്ഷിതമല്ല

പ്ലാറ്റ് ഫോമിലൂടെ അലഞ്ഞു തിരിയുന്ന ക്രിമിനലുകളെ പിടികൂടാൻ കാര്യമായ മുന്നൊരുക്കം റെയിൽവേ പൊലീസും ആർ.പി.എഫും നടത്തുന്നില്ലെന്നതും ആക്ഷേപത്തിനിടയാക്കുന്നു. ട്രെയിനിൽ കടത്തുന്ന കഞ്ചാവും മറ്റ് ലഹരി പദാർത്ഥങ്ങളും പിടികൂടുന്നതിലാണ് ശ്രദ്ധ. കൂടുതൽ പൊലീസുകാരെ വിന്യസിക്കണമെന്ന പാസഞ്ചർ അസോസിയേഷനുകളുടെ ആവശ്യങ്ങൾക്കും പരിഹാരമായിട്ടില്ല.

പ്രതിസന്ധികൾ

ഏറിയ പങ്കും പഴയ കമ്പാർട്ടുമെന്റുകളായതിനാൽ ക്യാമറയും ഓട്ടോമാറ്റിക് ഡോറും സ്ഥാപിക്കുന്നത് പണച്ചെലവേറും, പ്രായോഗികവുമല്ല വർദ്ധിക്കുന്ന യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായി സൗകര്യം കൂട്ടാനാകുന്നില്ല. അക്രമികളെ നിയന്ത്രിക്കാനോ പരിശോധിക്കാനോ റെയിൽവേ ജീവനക്കാർക്കാകുന്നില്ല

കാര്യമായ റിക്രൂട്ട്‌മെന്റുകളില്ലാത്തതിനാൽ സുരക്ഷാ ജീവനക്കാരിൽ ഗണ്യമായ കുറവ്
ലാഭക്ഷമമാക്കാൻ ജനറൽ കോച്ചുകൾ വെട്ടിക്കുറച്ചതിനാൽ മറ്റ് ക്‌ളാസുകളിലും അമിതമായ യാത്രക്കാരുടെ തള്ളിക്കയറ്റം.

''ഓട്ടോമാറ്റിക് വാതിലുകൾ പുതിയ ട്രെയിനുകളിലെങ്കിലും സ്ഥാപിച്ചിരുന്നെങ്കിൽ പല അപകടങ്ങളും കുറ്റകൃത്യങ്ങളും ഒഴിവാക്കാനാകും''- പി.കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി, തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോ.

Advertisement
Advertisement