ഒരു കിലോ നെല്ല് കുത്തിയാൽ അരിയെത്ര കിട്ടും?
പാലക്കാട്: സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന നെല്ല് മില്ലിൽ കുത്തിയെടുക്കുമ്പോഴുള്ള അരിയുടെ അളവ് നിർണയിക്കാനുള്ള പരിശോധന ഒക്ടോബർ 31വരെ നീട്ടി. നിലവിലെ പരിശോധനയുടെ കാലാവധി മാർച്ച് 31ന് അവസാനിച്ചിരുന്നു. കൃത്യമായ അളവ് നിർണയത്തിന് ഒന്നാംവിള ഉത്പാദനം നടക്കുന്ന ഒക്ടോബറിലെ നെല്ലിന്റെ അരികൂടി പരിശോധിക്കണമെന്ന് കാർഷിക സർവകലാശാലാ ഗവേഷണവിഭാഗം ആവശ്യമുന്നയിച്ചിരുന്നു. ഇതോടെയാണ് പരിശോധനാതീയതി നീട്ടിയതെന്ന് കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. സംസ്ഥാനത്തെ നെല്ലുസംഭരണത്തിൽ ഏറെ നിർണായകമാണ് മില്ലുകളുടെ ഔട്ട് ടേൺ റേഷ്യോ. ഇത് നിർണയിക്കുന്നതിനാണ് നെല്ലിൽ നിന്ന് ഉത്പാദിപ്പിക്കാവുന്ന അരിയുടെ അളവ് പരിശോധിക്കുന്നത്.
രണ്ടാം വിളക്കാലത്ത് കൃഷിയിടങ്ങളിലും മില്ലുകളിലും ഗവേഷണവിഭാഗം വിദഗ്‌ദ്ധരുടെ സഹായത്തോടെ പരിശോധന നടത്തിയിരുന്നു. കാർഷിക സർവകലാശാല ഗവേഷണ വിഭാഗത്തെയാണ് കൃഷിവകുപ്പ് ഇതിനായി ചുമതലപ്പെടുത്തിയത്. പരിശോധനയിൽ നെല്ലിൽ നിന്ന് 70 ശതമാനത്തോളം അരി ലഭിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെതിരെ മില്ലുടമകൾ രംഗത്തെത്തിയതും പരിശോധനാ നടപടികൾ നീട്ടുന്നതിന് കാരണമായതായി സൂചനയുണ്ട്.
സംഭരണം നടത്തുന്ന സ്വകാര്യമില്ലുകൾ ഒരു ക്വിന്റൽ (100 കിലോ) നെല്ലിന് 68 കിലോ അരി റേഷൻകടകളിലേക്ക് നൽകണമെന്നാണ് കേന്ദ്രസർക്കാർ വ്യവസ്ഥ. സംസ്ഥാനത്ത് നെല്ലിൽ നിന്ന് ഇത്രയും അരി ലഭിക്കില്ലെന്നാണ് മില്ലുടമകളുടെ വാദം. സർക്കാർ മുമ്പ് നിയോഗിച്ച സമിതി പരിശോധിച്ച് 64.5 കിലോ അരി മാത്രമേ ലഭിക്കൂ എന്ന് കണ്ടെത്തിയിരുന്നു. ഇടക്കാലത്ത് ഈ തോത് നടപ്പാക്കിയെങ്കിലും കർഷകരുടെ പരാതിയിൽ കോടതി ഇടപെട്ടു. തുടർന്ന് സർക്കാരിന് തോത് 68 കിലോഗ്രാമാക്കി പുനഃസ്ഥാപിക്കേണ്ടി വന്നു. കഴിഞ്ഞ ഫെബ്രുവരി 28നാണ് പരിശോധനയ്ക്ക് കാർഷികസർവകലാശാല ഗവേഷണ വിഭാഗത്തെ നിയോഗിച്ചത്.
പാലക്കാട്, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ മില്ലുകളിൽ സമിതി പരിശോധന നടത്തി. എന്നാൽ ഈ പരിശോധനയിൽ കണ്ടെത്തിയ തോത് അംഗീകരിക്കാനാവില്ലെന്നറിയിച്ച് മില്ലുടമകളുടെ സംഘടന രംഗത്തെത്തി. പതിരുനീക്കിയ നെല്ലിലാണ് പരിശോധന നടന്നതെന്നും നേരിട്ട് കൃഷിയിടത്തിൽനിന്നെടുക്കുന്ന നെല്ല് ഉപയോഗിക്കണമെന്നുമാണ് മില്ലുടമകളുടെ പ്രധാന വാദം.