ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനം: യുവാവ് മരിച്ചു സംഭവം പാനൂരിൽ, 3 പേർക്ക് പരിക്ക്
മരിച്ചത് സി.പി.എം പ്രവർത്തകൻ
കണ്ണൂർ: പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ സി.പി.എം പ്രവർത്തകൻ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. നിർമ്മാണത്തിലുള്ള വീടിന്റെ ടെറസിൽ ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. പാനൂർ കൈവേലിക്കൽ കാട്ടീന്റവിടെ ഷെറിൻ (31) ആണ് മരിച്ചത്. സി.പി.എം പ്രവർത്തകരായ മുളിയാത്തോടിൽ വി.പി.വിനീഷ് (36), കുന്നോത്തുപറമ്പിൽ ചിരക്കരണ്ടിമ്മൽ വിനോദൻ (38), പാറാട് പുത്തൂരിൽ കല്ലായിന്റവിടെ അശ്വന്ത് (എൽദോ, 25) എന്നിവർക്കാണ് പരിക്കേറ്റത്.
പാനൂരിലെ പ്രാദേശിക സി.പി.എം നേതാവിന്റെ മകനായ വിനീഷിന്റെ നില ഗുരുതരമാണ്. ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ തലശേരി സഹകരണ ആശുപത്രിയിലും. ഇരുകൈപ്പത്തികളും അറ്റ് ഗുരുതരാവസ്ഥയിലായ ഷെറിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ പതിനൊന്നോടെ മരിച്ചു. മുഖത്തും ഗുരുതര പരിക്കേറ്റിരുന്നു.
ഇവരെക്കൂടാതെ പത്തോളംപേർ സ്‌ഫോടന സമയത്ത് അവിടെ ഉണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. നിസാര പരിക്കേറ്റ ഇവർ ഒളിവിൽ പോയെന്നാണ് കരുതുന്നത്. സ്ഥലത്ത് ഫോറൻസിക് വിഭാഗവും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. പൊട്ടാത്ത ഒരു ബോംബും നിർമ്മാണത്തിനുള്ള വസ്തുക്കളും കണ്ടെത്തി നിർവീര്യമാക്കി. പാനൂരിൽ പൊലീസ് വ്യാപകമായ റെയ്ഡ് നടത്തി. പരേതനായ പുരുഷുവാണ് ഷെറിന്റെ പിതാവ്. മാതാവ്:ശാരദ. സഹോദരൻ:ശരത്.
ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി പൊലീസ് വലയം ഭേദിച്ച് അകത്തു കയറിയത് വാക്കേറ്റത്തിനിടയാക്കി. കണ്ണൂരിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് കോൺഗ്രസും ബി.ജെ.പിയും ആരോപിച്ചു.
തനിക്ക് അറിവില്ലെന്ന് വീട്ടുടമ
നിർമ്മാണത്തിലിരിക്കുന്ന തന്റെ വീട്ടിൽ ബോംബ് നിർമ്മിച്ചതിനെക്കുറിച്ച് ഒരറിവുമുണ്ടായിരുന്നില്ലെന്ന് ഉടമ മനോഹരൻ. വീടുപണി നടക്കുന്നതിനാൽ ബന്ധു വീട്ടിലാണ് താമസം.
''മരിച്ച ഷെറിനും പരിക്കേറ്റവർക്കും സി.പിഎമ്മുമായി ബന്ധമില്ല. പാർട്ടി നേരത്തേ മാറ്റി നിറുത്തിയവരാണിവർ
-എം.വി.ഗോവിന്ദൻ,
സി.പി.എം സംസ്ഥാന സെക്രട്ടറി