പ്രഹരം,​ നിഷേധം; അദ്ധ്യാപകനിയമനത്തിൽ സുപ്രീംകോടതി താക്കീത്, ഹൈക്കോടതി പറഞ്ഞിട്ടും നഴ്സിനെ തിരിച്ചെടുത്തില്ല

Saturday 06 April 2024 4:16 AM IST

ന്യൂഡൽഹി/ കോഴിക്കോട്: വയനാട്ടിൽ മലയാളം അദ്ധ്യാപകരായി നാലുപേർക്ക് നിയമനം നൽകണമെന്ന ഉത്തരവ് പാലിക്കാത്തതിന് സർക്കാരിന് സുപ്രീംകോടതിയുടെ കടുത്ത താക്കീത്. മറുവശത്ത്, ​ കോഴിക്കോട് മെഡി. കോളേജിലെ സീനിയർ നഴ്സിംഗ് ഓഫീസർ അനിതയെ ജോലിൽ തിരികെ പ്രവേശിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് അഞ്ചാം ദിനവും നടപ്പാക്കാതെ സംസ്ഥാന സർക്കാർ.

ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഉൾപ്പെടെ ജയിലിൽപോകേണ്ടി വരുമെന്ന് സുപ്രീം കോടതി ജസ്റ്റിസുമാരായ വിക്രംനാഥും സതീഷ് ചന്ദ്ര ശർമ്മയും മുന്നറിയിപ്പ് നൽകി.

അനിതയ്ക്ക് വീഴ്ച പറ്റിയെന്ന് ബോദ്ധ്യപ്പെട്ടതുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതെന്ന് മന്ത്രി വീണാ ജോർജ്. വീഴ്ച എന്താണെന്ന് മന്ത്രി വ്യക്തമാക്കണമെന്ന് അനിത.

കൽപ്പറ്റ സ്വദേശി പി.എസ്. അവിനാശ് തുടങ്ങിയവർ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.ഈ മാസം പത്തിന് വീണ്ടും പരിഗണിക്കും. അതിനകം നിയമന ഉത്തരവിറക്കണം.

2017ലെ പി.എസ്.സി നോട്ടിഫിക്കേഷൻ പ്രകാരമുള്ള ലിസ്റ്റിലുൾപ്പെട്ട നാലുപേരുടെയും നിയമനം ഒരു മാസത്തിനകം നടത്തണമെന്ന് 2023 ഒക്ടോബറിലാണ് ഉത്തരവിട്ടത്. സർക്കാർ പുനഃപരിശോധനാഹർജി നൽകിയെങ്കിലും തള്ളി.എന്നിട്ടും നിയമനം കിട്ടാതെയാണ് കോടതിയലക്ഷ്യഹർജി സമർപ്പിച്ചത്.റാണി ജോർജിന് പുറമെ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, വയനാട് ഡി.ഡി.ഇ ശശീന്ദ്ര വ്യാസ് എന്നിവരാണ് എതിർകക്ഷികൾ.

അനുസരിച്ചില്ലെങ്കിൽ

ജയിലിൽ കിടക്കും

 പി.എസ്.സിയാണ് നിയമനം നൽകേണ്ടതെന്ന് സംസ്ഥാനം വാദിച്ചു. പുനഃപരിശോധന തള്ളിയിട്ടും ചട്ടം പറയുന്നോയെന്ന് കോടതി.
 സുപ്രീംകോടതി ഉത്തരവിട്ടാൽ ചട്ടം പറയുകയല്ല, നടപ്പാക്കുകയാണ് വേണ്ടത്. നടപ്പാക്കിയില്ലെങ്കിൽ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് അറിയാം. ഉദ്യോഗസ്ഥർ ജയിലിൽ കിടക്കേണ്ടിവരും

ഇരയ്ക്കൊപ്പം നിന്നതിന്റെ

പ്രതികാരം: അനിത

മെഡി. കോളേജ് ഐ.സിയുവിൽ പീഡനത്തിനിരയായ യുവതിക്കൊപ്പം നിന്നതിന്റെ പ്രതികാരമായാണ് ജോലിയിൽ തിരികെ പ്രവേശിപ്പിക്കാത്തതെന്ന് പി.ബി. അനിത. ജാേലിയിൽ പ്രവേശിക്കാൻ അനിത നടത്തുന്ന സമരം നാലുനാൾ പിന്നിട്ടു. ഇടുക്കിയിലേക്കുള്ള സ്ഥലംമാറ്റം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവുമായി ഈ മാസം ഒന്നിനാണ് എത്തിയത്. ജോലിയിൽ പ്രവേശിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം വേണമെന്നായി അധികൃതർ. കോടതിയലക്ഷ്യത്തിന് അനിത കേസ് ഫയൽ ചെയ്തെങ്കിലും ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനാണ് സർക്കാർ നീക്കം.

തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ 2023 മാർച്ച് 18നാണ് അറ്റൻഡർ ശശീന്ദ്രൻ പീഡിപ്പിച്ചത്. പരാതി പിൻവലിക്കാൻ അഞ്ച് ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്ന് അതിജീവിത പരാതിപ്പെട്ടു. ഈ അഞ്ചുപേരെ റിപ്പോർട്ട് ചെയ്തത് അനിതയാണ്. അവർ സസ്പെൻഷനിലായി. അനിതയ്ക്ക് എൻ.ജി.ഒ യൂണിയൻ നേതാവിൽ നിന്നടക്കം ഭീഷണിയായി. തുടർന്ന് സ്ഥലംമാറ്റി. എന്നാൽ, സൂപ്രണ്ട്, ചീഫ് നഴ്സിംഗ് ഓഫീസർ എന്നിവർക്കെതിരെ നടപടി എടുക്കണമെന്ന അന്വേഷണ റിപ്പോർട്ടിലെ ശുപാർശ നടപ്പാക്കിയില്ല.

`ഡി.എം.ഇയുടെ റിപ്പോർട്ടിൽ അനിതയുടെ വീഴ്ച വ്യക്തമാണ്. അനിതയും ഡ്യൂട്ടിയിൽ ഉള്ളപ്പോഴാണ് സംഭവം. വീഴ്ച ഹൈക്കോടതിയെ അറിയിക്കും. കോടതി പറയുംപോലെ തുടർനടപടി.'

- മന്ത്രി വീണാജോർജ്

Advertisement
Advertisement