സിദ്ധാർത്ഥിന്റെ മരണം സി ബി ഐ അന്വേഷിക്കും,​ ഉത്തരവിറക്കി കേന്ദ്രസർക്കാർ‌,​ നടപടി ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന്

Friday 05 April 2024 11:18 PM IST

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. ഇന്ന് രാത്രി വൈകിയാണ് കേന്ദ്രം ഉത്തരവിറക്കിയത്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടി.

അന്വേഷണം വൈകുന്നത് കുറ്റവാളികൾക്ക് നേട്ടമാകുമെന്ന്,​ മകന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ ഉടൻ ഏറ്റെടുക്കണമെന്ന ടി. ജയപ്രകാശിന്റെ ഹർജിയിൽ ജസ്റ്റിസ് ബെച്ചുകുര്യൻ തോമസ് പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം സി.ബി.ഐക്ക് വിട്ട് മാർച്ച് ഒമ്പതിന് അഡീ. ചീഫ് സെക്രട്ടറി ഉത്തരവിറക്കിയെങ്കിലും രേഖകൾ കൈമാറാതെ താമസിപ്പിച്ചെന്ന് ജയപ്രകാശ് ചൂണ്ടിക്കാട്ടി.


കുറ്റകൃത്യത്തിന്റെ തീവ്രതയും ഗുരുതര പ്രത്യാഘാതങ്ങളും കണക്കിലെടുത്ത് സംസ്ഥാന സർക്കാർ സി.ബി.ഐക്ക് അന്വേഷണം കൈമാറിയെങ്കിലും അജ്ഞാതകാരണങ്ങളാൽ ഫയലുകൾ വൈകിയെന്ന് കോടതി വിലയിരുത്തി. സിദ്ധാർത്ഥ് റാഗിംഗിന്റെ പേരിൽ ക്രൂരമർദ്ദനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണെന്നും കോടതി പറഞ്ഞു. കേസിന്റെ ഫയലുകൾ മാർച്ച് 26ന് സി.ബി.ഐക്ക് കൈമാറിയെന്നും വൈകാൻ കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

ഇതിനിടെ അന്വേഷണവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നിന്നുള്ള സി.ബി.ഐ സംഘം ഇന്ന് കേരളത്തിലെത്തിയിരുന്നു. സിദ്ധാർത്ഥിന്റെ മരണം സംബന്ധിച്ച പ്രാഥമിക വിവര ശേഖരണത്തിനാണ് സി.ബി.ഐ കേരളത്തിലെത്തിയത്. സിദ്ധാർത്ഥിന്റെ മരണം അന്വേഷിച്ച കല്‌പറ്റ ഡിവൈ.എസ്.പിയുമായി സി.ബി.ഐ സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു.