വീണ്ടും സൂര്യോദയം

Saturday 06 April 2024 10:08 AM IST

ഹൈദരബാദ്: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ 6 വിക്കറ്റിന് കീഴടക്കി സൺറൈസേഴ്സ് ഹൈദരാബാദ് സീസണിലെ രണ്ടാം ജയം നേടി. ചെന്നൈയുടെ രണ്ടാം തോൽവിയാണിത്. ഇരുടീമും നാല് മത്സരങ്ങൾ വീതം കളിച്ചുകഴിഞ്ഞു.


ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഹൈദരാബാദ് 11 പന്ത് ബാക്കി നിൽക്കെ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി. ഓപ്പണർമാരായ ഇംപാക്‌ട് പ്ലെയറായി ഇറങ്ങിയ ട്രാവിസ് ഹെഡ്ഡും (31), അഭിഷേക് ശർമ്മയും (12 പന്തിൽ 37) സ്‌ഫോടനാത്മക തുടക്കമാണ് ഹൈദരാബാദിന് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും 17 പന്തിൽ 46 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇംപാക്ട് പ്ലെയറായ മുകേഷ് ചൗധരി എറിഞ്ഞ രണ്ടാം ഓവറിൽ അഭിഷേക് 3 സിക്സും 2 ഫോറും ഉൾപ്പെടെ നേടിയത് 27 റൺസാണ്.അഭിഷേകിനെ പുറത്താക്കി ദീപക് ചഹറാണ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാമനായെത്തിയ എയ്ഡൻ മർക്രം (36 പന്തിൽ 50) അർദ്ധ സെഞ്ച്വറി നേടി. ചെന്നൈക്കായി മോയിൻ അലി രണ്ട് വിക്കറ്റ് വീഴ്ത്തി.

24 പന്തിൽ 2 ഫോറും 4 സിക്സും ഉൾപ്പെടെ 45 റൺസ് നേടിയ ശിവം ദുബെയാണ് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈയുടെ ടോപ് സ്‌കോറർ. അജിങ്ക്യ രഹാനെ (35)​,​ രവീന്ദ്ര ജഡ‌േജ (പുറത്താകാതെ 31)​ ,​ ക്യാപ്ടൻ റുതുരാജ് ഗെയ്ക്‌വാദ് (26)​ എന്നിവർ ചെന്നൈക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. പവർപ്ലേ ഉൾപ്പെടെ കൃത്യമായി മുതലാക്കാനാകാതെ പോയ ചെന്നൈയുടെ സ്കോറിംഗിന് വേഗം വന്നത് നാലാമനായി ദുബെ ക്രീസി എത്തിയപ്പോഴാണ്. ഹൈദരാബാദിനായി ഭുവനേശ്വർ,​ നടരാജൻ,​ക്യപ്ടൻ കമ്മിൻസ്,​ ഷഹബാസ്,​ ഉനദ്‌കട്എന്നിവരെല്ലാം ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഇന്നത്തെ കളി

രാജസ്ഥാൻ - ബംഗളൂരി

(രാത്രി 7.30 മുതൽ,​ ലൈവ് ജിയോ സിനിമ,​ സ്റ്റാർ സ്പോർട്സ്)​

Advertisement
Advertisement