എഴ് വ‌ർഷത്തിനിടയിൽ ചായയോ കാപ്പിയോ ഉണ്ടാക്കിത്തരണമെന്ന് ശബരി ആവശ്യപ്പെട്ടിട്ടില്ല; ഒരിക്കൽ ചായയെടുത്തുകൊടുത്തപ്പോൾ പറഞ്ഞത്

Saturday 06 April 2024 3:38 PM IST

വിവാഹം കഴിഞ്ഞാൽ ഭർത്താവിന് ചായ ഉണ്ടാക്കിക്കൊടുക്കുന്നതുമുതൽ അടിവസ്ത്രം കഴുകുക വരെ ചെയ്യേണ്ടത് സ്ത്രീകളുടെ കടമയാണെന്നാണ് ചിലരുടെ ധാരണ. കാലം മാറിയെങ്കിലും ഇപ്പോഴും പണ്ടുമുതലേയുള്ള ഇത്തരം ശീലങ്ങൾ പലയിടങ്ങിലും തുടർന്നുപോരുന്നുണ്ട്. ഇതിനിടയിൽ വിവാഹം കഴിഞ്ഞ് ഏഴ് വർഷമായിട്ടും ഇതുവരെ ചായയോ കാപ്പിയോ ഉണ്ടാക്കിത്തരാൻ ഭർത്താവ് പറഞ്ഞിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിഴിഞ്ഞം തുറമുഖം എം‌ ഡി ദിവ്യ എസ് അയ്യർ. ഒരു സ്ത്രീയും നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങേണ്ടവരല്ലെന്ന സന്ദേശവും അവർ പങ്കുവച്ചു.

' ഞാനും എന്റെ ഭർത്താവും ഒരേ സമയത്ത് വീട്ടിൽ കയറുക വളരെ വിരളമാണ്. കഴിഞ്ഞാഴ്ച ഒരു ദിവസം ഞങ്ങൾ രണ്ടുപേരും ഏകദേശം ഒരേ സമയത്ത് വീട്ടിലേക്ക് ചെന്നെത്തി. ഞാൻ ചായ എടുത്ത് കൈയിൽ കൊടുത്തു. വീട്ടിൽ കുഞ്ഞിനെ നോക്കാനൊരു ചേച്ചിയുണ്ട്. പെട്ടെന്ന് ശബരി പറഞ്ഞു, രശ്മി ഇങ്ങോട്ട് വന്നേ, ഇതൊന്നുകണ്ടേ, ഇതൊന്നുകണ്ടേ എന്നു പറഞ്ഞു. എന്താ ഇവിടെ കാണാനുള്ളതെന്ന് ഞാൻ ഓർത്തു.

"അല്ല ഈ കാഴ്ച വർഷത്തിലൊരിക്കലെങ്ങാനുമേ കാണാനൊക്കത്തുള്ളൂ. അതുകൊണ്ട് വേണമെങ്കിൽ ഇപ്പോൾ കണ്ടോ" എന്ന് പറഞ്ഞു. ആ സമയം ഞങ്ങളെല്ലാവരും പൊട്ടിച്ചിരിച്ചു. അധികം അടുക്കളയുമായി ദൈനംദിന ബന്ധം പുലർത്തുന്ന വ്യക്തിയല്ല ഞാൻ. പിന്നീട് ഞാൻ അതിനെക്കുറിച്ചൊന്ന് ആലോചിച്ചപ്പോൾ, അതിന്റെ ഉള്ളിന്റെയുള്ളിൽ ഇത്രയും കാലം ഒരു ദിവസം പോലും എന്നോട് നീ എനിക്കൊരു കാപ്പിയുണ്ടാക്കിത്തരണം അല്ലെങ്കിൽ ചായ ഉണ്ടാക്കിത്തരണമെന്ന് പറഞ്ഞിട്ടില്ല. കല്യാണം കഴിഞ്ഞ് ഏഴ് വർഷങ്ങളായി. യാതൊരു ആവശ്യങ്ങളോ യാതൊരു പ്രതീക്ഷകളോ ഇല്ലാത്ത ഒരു ഭർത്താവാണ്. അങ്ങനെയിരുന്നിട്ട് പോലും അങ്ങനെയൊരു തമാശയടിക്കാൻ തോന്നിയെന്നതാണ്."- ദിവ്യ പറഞ്ഞു.