പി ബി അനിതയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ പുനർനിയമനം നൽകും,​ ഡി എം ഇയ്ക്ക് സർക്കാർ നിർദ്ദേശം

Saturday 06 April 2024 7:03 PM IST

കോഴിക്കോട് : ഐ.സി.യു പീഡനക്കേസിൽ അതിജീവിതയെ പിന്തുണച്ചതിന്റെ പേരിൽ സ്ഥലംമാറ്റിയ സീനിയർ നഴ്‌സിംഗ് ഓഫീസർ പി.ബി. അനിതയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ പുനർനിയമനം നൽകും,​ ഇത് സംബന്ധിച്ച് ഉത്തരവിറക്കാൻ സർക്കാർ ഡി.എം.ഇയ്ക്ക് നിർദ്ദേശം നൽകി. കോടതിയുടെ അന്തിമവിധിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കോടതിയുടെ അന്തിമതീരുമാനം വരുംവരെ കോഴിക്കോട് തന്നെയായിരിക്കും നിയമനം. ഇന്നാണ് അനിതയുടെ നിയമനവുമായി ബന്ധപ്പെട്ട ഫയൽ ആരോഗ്യവകുപ്പിലേക്ക് എത്തിയത്. ഇതിൻമേൽ സർക്കാർ ഔദ്യോഗികമായി തന്നെ തീരുമാനം സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. സാങ്കേതികമായി ചില കാര്യങ്ങൾ ഉൾപ്പെടെ കോടതിയെ ബോദ്ധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ഡി.എം.എ റിവ്യു പെറ്റീഷൻ കോടതിയിൽ ഫയൽ ചെയ്തിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

അനിതയുടെയും അവരെ പിന്തുണച്ച് അതിജീവിതയുടെയും സമരം ശ്രദ്ധ നേടിയതിന് പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ നടപടി. സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അനിത പറഞ്ഞു,​

ഐ.സി.യു പീഡനക്കേസിൽ അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നൽകിയ അനിതയെ ഇടുക്കി മെഡിക്കൽ കോളേജിലേക്കാണ് സ്ഥലം മാറ്റിയത് . ഇതിനെതിരെ അനിത ഹൈക്കോടതിയെ സമീപിച്ചു. പീഡനത്തിനിരയായ യുവതിക്കൊപ്പം നിന്നതിന്റെ പ്രതികാരമായാണ് ജോലിയിൽ തിരികെ പ്രവേശിപ്പിക്കാത്തതെന്ന് അനിത ആരോപിച്ചിരുന്നു. ഇടുക്കിയിലേക്കുള്ള സ്ഥലംമാറ്റം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവുമായി ഈ മാസം ഒന്നിനാണ് എത്തിയത്. ജോലിയിൽ പ്രവേശിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം വേണമെന്നായി അധികൃതർ.

തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ 2023 മാർച്ച് 18നാണ് അറ്റൻഡർ ശശീന്ദ്രൻ പീഡിപ്പിച്ചത്. പരാതി പിൻവലിക്കാൻ അഞ്ച് ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്ന് അതിജീവിത പരാതിപ്പെട്ടു. ഈ അഞ്ചുപേരെ റിപ്പോർട്ട് ചെയ്തത് അനിതയാണ്. അവർ സസ്പെൻഷനിലായി. അനിതയ്ക്ക് എൻ.ജി.ഒ യൂണിയൻ നേതാവിൽ നിന്നടക്കം ഭീഷണിയായി. തുടർന്ന് സ്ഥലംമാറ്റി. എന്നാൽ, സൂപ്രണ്ട്, ചീഫ് നഴ്സിംഗ് ഓഫീസർ എന്നിവർക്കെതിരെ നടപടി എടുക്കണമെന്ന അന്വേഷണ റിപ്പോർട്ടിലെ ശുപാർശ നടപ്പാക്കിയില്ല.

Advertisement
Advertisement