മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനം,​ തമിഴ്നാട്ടിൽ പദവി ഉറപ്പിച്ച് ജസ്റ്റിസ് മണികുമാർ പിന്മാറി,​ ബൈജൂനാഥ് ആക്ടിംഗ് ചെയർപേഴ്സൺ

Sunday 07 April 2024 12:00 AM IST
ജസ്റ്റിസ് മണികുമാർ

തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിൽ നിന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് മണികുമാർ പിന്മാറി. കഴിഞ്ഞ ഓഗസ്റ്റ് മുതൽ മണികുമാറിന്റെ നിയമനത്തിനുള്ള ഫയൽ ഗവർണർ തടഞ്ഞു വച്ചിരുന്നു. വ്യാഴാഴ്ചയാണ് ഒപ്പിട്ടത്. അതിന് പിന്നാലെയാണ് അദ്ദേഹം ഗവർണറെയും ചീഫ് സെക്രട്ടറിയെയും ഇ-മെയിലിലൂടെ തീരുമാനമറിയിച്ചത്. ചെന്നൈ സ്വദേശിയാണ് മണികുമാർ.

പിതാവിന്റെ മരണം കാരണം ചെന്നൈയിൽ തുടരേണ്ടതുണ്ടെന്നും വ്യക്തിപരമായ അസൗകര്യം പരിഗണിച്ച് തന്നെ ഒഴിവാക്കണമെന്നുമാണ് അറിയിച്ചത്. ഗവർണർ ഫയലിൽ ഒപ്പിട്ടെങ്കിലും നിയമനത്തിന് സർക്കാർ വിജ്ഞാപനമിറക്കാത്തതിനാൽ തുടർനടപടികൾ ഉപേക്ഷിച്ചാൽ മതിയാവും. കമ്മിഷനിലെ ജുഡിഷ്യൽ അംഗം കെ.ബൈജൂനാഥിനെ ആക്ടിംഗ് ചെയർപേഴ്സണായി ഗവർണർ നിയമിച്ചു.

അതേസമയം, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അടുപ്പക്കാരനായ മണികുമാറിനെ തമിഴ്നാട് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനായി പരിഗണിക്കുന്നതിനാലാണ് ഇവിടെ അദ്ദേഹം സ്ഥാനം ഏറ്റെടുക്കാത്തതെന്ന് സൂചനയുണ്ട്. അവിടത്തെ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് എസ്.ഭാസ്കരന്റെ കാലാവധി മേയ് 31ന് അവസാനിക്കും. തുടർന്നാകും നിയമനം.

കേരളത്തിൽ അദ്ദേഹത്തിന്റെ നിയമനം ഗവർണർ അംഗീകരിച്ചത് കടുത്ത രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്നാണെന്ന് സൂചനയുണ്ടായിരുന്നു. ഉന്നതനായ ഒരു കേന്ദ്രമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ഗവർണർ ഫയലിലൊപ്പിട്ടതെന്നും അറിയുന്നു. ചീഫ് ജസ്റ്റിസായിരിക്കുമ്പോൾതന്നെ മണികുമാറിനെ സംസ്ഥാന സർക്കാർ ഈ സ്ഥാനത്തേക്ക് പരിഗണിച്ചതിലും വിരമിക്കുന്നതിനു തൊട്ടുമുമ്പ് കോവളത്തെ സ്വകാര്യ ഹോട്ടലിൽ മുഖ്യമന്ത്രി യാത്രയയപ്പ് നൽകിയതിലും അതൃപ്തിയറിയിച്ചാണ് ഗവർണർ ഫയൽ തടഞ്ഞിരുന്നത്. മണികുമാറിന് പകരം പുതിയയാളെ ശുപാർശ ചെയ്യാൻ മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും അടങ്ങുന്ന സമിതി തിരഞ്ഞെടുപ്പിന് ശേഷം യോഗംചേരും.

ഹൈക്കോടതി റിട്ട.ജഡ്ജി മതി

റിട്ട.ഹൈക്കോടതി ചീഫ്ജസ്റ്റിസ്/ റിട്ട. സുപ്രീംകോടതി ജഡ്ജിയെ ആണ് ഇതുവരെ കമ്മിഷൻ അദ്ധ്യക്ഷനാക്കിയിരുന്നത്. ചട്ടഭേദഗതിപ്രകാരം ഹൈക്കോടതിയിലെ റിട്ട.ജഡ്ജിമാർക്കും അദ്ധ്യക്ഷനാവാം. കാലാവധി അഞ്ചിൽ നിന്ന് മൂന്നു വർഷമാക്കി. ഒന്നോ അതിലേറെയോ തവണ കാലാവധി നീട്ടാം. 70വയസാണ് പ്രായപരിധി

കമ്മിഷൻ അദ്ധ്യക്ഷന് ഹൈക്കോടതി ചീഫ്ജസ്റ്റിസിനുള്ള ശമ്പളം, പദവി, ആനുകൂല്യങ്ങൾ എന്നിവയുണ്ട്. 7പേഴ്സണൽ സ്റ്റാഫും കാറും ഔദ്യോഗികവസതിയുമുണ്ട്. അംഗങ്ങൾക്ക് ഹൈക്കോടതി ജഡ്ജിയുടെ പദവിയും ശമ്പളവും ആനുകൂല്യങ്ങളും പെൻഷനും

4ലക്ഷം രൂപ

കമ്മിഷൻ അദ്ധ്യക്ഷന് ശമ്പളം, ആനുകൂല്യം

ഇനത്തിൽ കിട്ടുന്നത്. 60,000 രൂപ വീട്ടുവാടക

3 ലക്ഷം രൂപ

കമ്മിഷൻ അംഗങ്ങൾക്ക് കിട്ടുന്നത്. വിരമിച്ചാൽ

മുൻപ് ജോലിയില്ലാത്തവർക്ക് പെൻഷൻ