കോളേജ് പ്രിൻസിപ്പൽ നിയമനം, ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, തത്കാലം സ്ഥാനത്ത് തുടരാം

Sunday 07 April 2024 12:00 AM IST

കൊച്ചി: യു.ജി.സി ചട്ടപ്രകാരം തയ്യാറാക്കിയ റാങ്ക് പട്ടികയിൽനിന്ന് ഗവ. കോളേജ് പ്രിൻസിപ്പൽമാരായി നിയമിതരായവർ‌ക്ക് തത്‌സ്ഥാനത്ത് തത‌്കാലം തുടരാമെന്ന് ഹൈക്കോടതി. ഇതിനകം നിയമനം നേടിയവരടക്കം അപ്പലേറ്റ് കമ്മിറ്റിയിൽ പുതുതായി അഭിമുഖത്തിന് ഹാജരാകണമെന്ന സർക്കാർ ഉത്തരവ് ശരിവച്ച കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹർജിക്കാരെക്കൂടി കേട്ട് ട്രൈബ്യൂണൽ ഈ വിഷയത്തിൽ എത്രയുംവേഗം തീർപ്പുണ്ടാക്കണമെന്നും നിർദ്ദേശിച്ചു.

ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന ഉത്തരവ് ട്രൈബ്യൂണലിന്റെ ഭാഗത്തുനിന്ന് പാടില്ലായിരുന്നുവെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്‌‌താഖ്, ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കീം എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി. ട്രൈബ്യൂണൽ ഉത്തരവ് ചോദ്യംചെയ്ത് തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള പ്രിൻസിപ്പൽമാരായ ഡോ.ചിത്രാ ത്രിവിക്രമൻ നായർ (കാഞ്ഞിരംകുളം കെ.എൻ.എം കോളേജ്), ഡോ.എൽ.ഷീലാകുമാരി (നെടുമങ്ങാട് ഗവ. കോളജ്), ഡോ. മഞ്ജു രാമചന്ദ്രൻ (കുളത്തൂർ ഗവ. കോളേജ്) എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

യു.ജി.സി ചട്ടപ്രകാരം അഭിമുഖം നടത്തി തയ്യാറാക്കിയ റാങ്ക് പട്ടികയിൽനിന്ന് നിയമനം നേടിയവരാണ് ഹർജിക്കാർ. ഇതിനിടെ മതിയായ യോഗ്യതയില്ലെന്നു കാണിച്ച് വിദഗ്ദ്ധസമിതി ഈ പട്ടികയിൽ നിന്ന് ഒഴിവാക്കിയവർ നൽകിയ പരാതിയെത്തുടർന്ന് സർക്കാർ അപ്പലേറ്റ് കമ്മിറ്റിക്ക് രൂപംനൽകി. ഇതിനകം നിയമനം ലഭിച്ചവരടക്കം ഈ സമിതി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണമെന്നും നിർദ്ദേശിച്ചു. ആദ്യംമുതൽ നടപടികൾ തുടങ്ങുന്നതിനെ അനുകൂലിച്ച ട്രൈബ്യൂണൽ ഉത്തരവും ഇതിന് പിൻബലമായി. ഇതിനെതിരെയായിരുന്നു ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

അദ്ധ്യാപക സംഘടനകളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ചട്ടവിരുദ്ധമായി രൂപീകരിച്ചതാണ് അപ്പലേറ്റ് കമ്മിറ്റിയെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ജോർജ് പൂന്തോട്ടം വാദിച്ചു. തുടർന്നാണ് തീരുമാനം പുന:പരിശോധിക്കാൻ ട്രൈബ്യൂണലിനോട് ഹൈക്കോടതി നിർദ്ദേശിച്ചത്.