അരുണാചലിലെ മരണം: സൂത്രധാരൻ നവീൻ?
തിരുവനന്തപുരം: അരുണാചൽ പ്രദേശിലെ ഹോട്ടൽമുറിയിൽ കോട്ടയം സ്വദേശി നവീൻ,ഭാര്യ ദേവി,സുഹൃത്ത് ആര്യ എന്നിവർ രക്തം വാർന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ചുരുളഴിക്കാനാകാതെ പൊലീസ്. ഇന്നലെ നവീന്റെ കോട്ടയം മീനടത്തെ വസതിയിലെത്തിയ അന്വേഷണ സംഘം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തു. നവീൻ ഉപയോഗിച്ചിരുന്ന മുറിയിലടക്കം പരിശോധന നടത്തി. കൃത്യത്തിന്റെ പ്രധാന സൂത്രധാരൻ നവീൻ ആണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.
ആസ്ട്രൽ പ്രൊജക്ഷനോ, സാത്താൻ സേവയോ ആയി ബന്ധപ്പെട്ട ഏതെങ്കിലും കാര്യങ്ങൾ നവീൻ അടുപ്പമുള്ളവരുമായി സംസാരിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിച്ചത്.
എല്ലാവരോടും അടുത്തിടപഴകിയിരുന്ന ദേവി, നവീനുമായുള്ള വിവാഹത്തിന് ശേഷം പൊതുവേ ഏകാന്തത ഇഷ്ടപ്പെടുന്ന നിലയിലേക്ക് മാറിയെന്ന് ഒപ്പം പഠിച്ചിരുന്ന സുഹൃത്തുക്കൾ പറയുന്നു. 13 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹമെങ്കിലും മൂന്നു നാല് വർഷത്തിനിടെയാണ് ഇവർ ആഭിചാര വിഷയങ്ങളിൽ താല്പര്യമെടുത്തു തുടങ്ങിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഡോൺ ബോസ്‌കോ എന്ന അജ്ഞാതമായ ഇ മെയിലിൽ നിന്നും ലഭിച്ച അന്യഗ്രഹ ജീവിതത്തെക്കുറിച്ചുള്ള പുസ്തക രൂപത്തിലുള്ള വിവരങ്ങൾ ആര്യക്ക് ലഭിച്ചതിനെ സംബന്ധിച്ച വിവരങ്ങളും തേടുന്നുണ്ട്. ഇ മെയിൽ ഐഡി വ്യാജമാണോ, ആര്യ തന്നെ ഉണ്ടാക്കിയെടുത്ത രഹസ്യ ഐഡിയാണോ എന്നതിനെക്കുറിച്ചാണ് അന്വേഷണം.