വനത്തിനുള്ളിൽ സ്ത്രീയും പുരുഷനും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; വിഷം  ഉള്ളിൽ  ചെന്നെന്ന് പോസ്റ്റ്‌മോർട്ടം  റിപ്പോർട്ട്

Saturday 06 April 2024 10:30 PM IST

തൃശൂർ: ഒളകര വനത്തിനുള്ളിൽ സ്ത്രീയും പുരുഷനും മരിച്ചത് വിഷം ഉള്ളിൽ ചെന്നാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കിഴക്കഞ്ചേരി പനംകുറ്റി കുടുമിക്കൽ വീട്ടിൽ വിനോദ് (52), കൊടുമ്പാല ആദിവാസി കോളനിയിലെ സിന്ധു(35) എന്നിവരുടെ മൃതദേഹമാണ് ഒളകര വനമേഖലയിൽ കണ്ടെത്തിയത്.

മാർച്ച് 27 മുതൽ കാണാതായ ഇവർ ഒരുമിച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാകാനാണ് സാദ്ധ്യതയെന്നും മദ്യത്തിൽ കലർത്തിയാണ് വിഷം കഴിച്ചതെന്നുമാണ് നിഗമനം. വിനോദിന്റെ മൃതദേഹം മരത്തിൽ തൂങ്ങിയ നിലയിലും സിന്ധുവിന്റെ മൃതദേഹം താഴെ കിടക്കുന്ന നിലയിലുമായിരുന്നു. കുറച്ചു കാലമായി അടുപ്പത്തിലായിരുന്ന ഇരുവരെയും കാണാതാകുകയായിരുന്നു.

സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ പരിശോധനയിലാണ് ഒളകര വനമേഖലയിൽ ഇവരുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ തിരിച്ചറിഞ്ഞത്. തുടർന്നാണ് അന്വേഷണം വനത്തിലേക്ക് വ്യാപിപ്പിച്ചത്. പിന്നീട് എറണാകുളത്ത് നിന്നെത്തിച്ച പ്രത്യേക പരിശീലനം ലഭിച്ച കടാവർ ഇനത്തിൽപ്പെട്ട പൊലീസ് നായകളായ മായ, മർഫി എന്നിവയുടെയും പാലക്കാട് നിന്നെത്തിച്ച ഹാർലി എന്ന പൊലീസ് നായയുടെയും സഹായത്തോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

Advertisement
Advertisement