കേരളകൗമുദി യൂട്യൂബ് സർവേയിൽ യു.ഡി.എഫ് മുന്നേറ്റമെന്ന് സൂചന

Sunday 07 April 2024 12:03 AM IST

ഏഴു മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് മേൽക്കൈ

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു.ഡി.എഫിന് നേരിയ മുൻതൂക്കമെന്ന് സർവേ ഫലം. കേരളകൗമുദി യൂട്യൂബ് നടത്തിയ സർവേയിലാണിത്. നാമനിർദ്ദേശപത്രിക സമർപ്പണം പൂർത്തിയായ സാഹചര്യത്തിലെ നിലയാണ് പരിശോധിച്ചത്. മാർച്ച് 16ന് ആരംഭിച്ച മുന്നണികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒന്നാംഘട്ടം നാമനിർദ്ദേശപത്രികാസമർപ്പണത്തോടെ പൂർത്തിയായി. രണ്ടാംഘട്ട പ്രചാരണം ഇന്നലെ മുതൽ തുടങ്ങാനിരിക്കെയാണ് സർവേ നടത്തിയത്.

പൗരത്വ പ്രശ്നം,സംസ്ഥാനത്തോട് കേന്ദ്രം കാണിക്കുന്ന സാമ്പത്തിക അവഗണന, മതേതരത്വത്തിന് മോദിസർക്കാർ ഉണ്ടാക്കുന്ന ഭീഷണി,മണിപ്പൂർ പ്രശ്നം,ടി.പി.ചന്ദ്രശേഖരൻ കേസിൽ ഉണ്ടായ പുതിയ സംഭവവികാസങ്ങൾ,പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ പ്രശ്നങ്ങൾ,​ കോഴിക്കോട് മെഡിക്കൽ കോളേജിലെ പുതിയ നിയമനവിവാദം തുടങ്ങി തിരഞ്ഞെടുപ്പ് രംഗത്ത് ചർച്ചയായ വിഷയങ്ങൾ നിരവധിയാണ്. പൗരത്വ നിയമഭേദഗതിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ 11 ജില്ലകളിൽ നടത്തിയ പ്രസംഗമാണ് പ്രചാരണത്തിൽ കാര്യമായ ഇളക്കമുണ്ടാക്കിയത്. ഏതാണ്ട് എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫിന് നേരിയ മേൽകൈയുണ്ട്. കാസർകോട്, ആറ്റിങ്ങൽ,തിരുവനന്തപുരം,തൃശ്ശൂർ,പാലക്കാട്, ആലത്തൂർ,പത്തനംതിട്ട തുടങ്ങി ഏഴോളം മണ്ഡലങ്ങളിൽ ബി.ജെ.പി നില മെച്ചപ്പെടുത്തുമെന്നാണ് സൂചന.ഇതിൽ കാസർകോഡ് മണ്ഡലത്തിൽ മാത്രമാണ് യു.ഡി.എഫും ബി.ജെ.പി.യും പ്രചരണത്തിൽ ഒപ്പത്തിനൊപ്പം നിൽക്കുന്നത്. മറ്റ് മണ്ഡലങ്ങളിൽ ബി.ജെ.പി. അൽപം മുന്നിലാണ്. ഈ മണ്ഡലങ്ങളിൽ യു.ഡി.എഫ് വോട്ടിൽ ബി.ജെ.പി വിള്ളലുണ്ടാക്കുന്നുണ്ട്. ഇത് ഫലത്തിൽ ഇടതുമുന്നണിക്ക് ഗുണം ചെയ്തേക്കുമെന്നാണ് സൂചനകൾ.അതേസമയം പ്രചരണത്തിന്റെ അടുത്ത ഘട്ടങ്ങളിൽ നിലയിൽ മാറ്റമുണ്ടായേക്കാം.

Advertisement
Advertisement