ബി.ജെ.പിയ്ക്ക് അക്കൗണ്ട് തുറക്കാനുള്ള സി.പി.എം മോഹം നടക്കില്ല: വി.ഡി.സതീശൻ

Sunday 07 April 2024 12:19 AM IST

കാസർകോട് മുതൽ തിരുവനന്തപുരം വരെ തിരഞ്ഞെടുപ്പ് പ്രചാരണ ഓട്ടത്തിലാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേന്ദ്ര-സംസ്ഥാന സർക്കാരുകളെ കീറിമുറിച്ചുള്ള ഓട്ടത്തിന് ലക്ഷ്യം ഒന്നുമാത്രം, മുൻ ലോക്സഭാ ഇലക്ഷനിലെ 19 സീറ്റ് 20 ആക്കണം. കെ.പി.സി.സി പ്രസിഡന്റ് കൂടി മത്സരത്തിനിറങ്ങുമ്പോൾ പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്വം ഏറുകയാണ്. കോഴിക്കോട്ടെത്തിയ വി.ഡി.സതീശൻ കേരളകൗമുദിയോട് സംസാരിച്ചു.

ബി.ജെ.പി ഇത്തവണ അക്കൗണ്ട്

തുറക്കുമെന്നാണല്ലോ പ്രചാരണം ..?

ബി.ജെ.പിയ്ക്ക് കേരളത്തിൽ സീറ്റുണ്ടാക്കാൻ സി.പി.എം പെടാപാട് പെടുന്നുണ്ട്. ബി.ജെ.പിയ്ക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കണം. അതിന് നരേന്ദ്രമോദി നിയോഗിച്ചതാവട്ടെ സാക്ഷാൽ മുഖ്യമന്ത്രി പിണറായി വിജയനെയും. ലക്ഷ്യമിടുന്ന രണ്ട് സീറ്റുകൾ തൃശ്ശൂരും തിരുവനന്തപുരവും. രണ്ടും സി.പി.ഐയുടേതാണ്. വലിയ അട്ടിമറികൾ ഈ മണ്ഡലങ്ങളിലുണ്ടാവും. എങ്കിലും സീറ്റ് ബി.ജെ.പിയ്ക്ക് വിട്ടുകൊടുക്കില്ല. ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും പ്രതീക്ഷകൾ ഫലം വരുമ്പോൾ അസ്ഥാനത്താവും.

എന്തുകൊണ്ടാണ് സി.പി.എം ബി.ജെ.പിയ്ക്ക്

വോട്ട് മറിക്കുമെന്ന് പറയുന്നത്...?

ആർക്കാണറിയാത്തത്. കരുവന്നൂരിലും എക്‌സാലോജിക്കിലുമെല്ലാം ഇ.ഡി.യുടെ ഭീഷണി മുനയിലല്ലേ സി.പി.എം. ബി.ജെ.പി, സി.പി.എമ്മിനെ ഭീഷണിപ്പെടുത്താനാണ് ഇ.ഡിയെ ഇറക്കിയത്. പക്ഷേ, ദിവസം ഇത്രയുമായിട്ടും ഒരു അറസ്റ്റും ഉണ്ടായില്ലല്ലോ. അതൊരു ഡീലാണ്. ഭീഷണി ഡീൽ. അതിനുള്ള പ്രതിഫലം തൃശ്ശൂരിലും തിരുവനന്തപുരത്തും നൽകാനാണ് ആലോചന. കോൺഗ്രസ് എന്നൊരു പാർട്ടി കേരളത്തിലുള്ള കാലത്തോളം അതിവിടെ വിലപ്പോകില്ല.

പൗരത്വമടക്കമുള്ള വിഷയങ്ങളിൽ മുസ്ലിം

ന്യൂനപക്ഷങ്ങൾക്ക് പ്രതീക്ഷ സി.പി.എമ്മിലല്ലേ...?

എങ്ങനെയാണ് ഇങ്ങനെയൊരു വിലയിരുത്തൽ നടത്തുന്നത്. രാജ്യത്ത് വർഗീയ ഫാസിസ്റ്റുകൾക്കെതിരെ ബദൽ കോൺഗ്രസ് മാത്രമാണ്. യു.പി.എ സഖ്യം അധികാരത്തിൽ വന്നാൽ പൗരത്വ നിയമം അറബിക്കടലിൽ എന്ന് പ്രഖ്യാപിച്ചാണ് രാജ്യത്താകമാനം കോൺഗ്രസ് സഖ്യം മത്സരിക്കുന്നത്. മറിച്ചുള്ളത് പിണറായിയുടെ വർഗീയ പ്രീണനമാണ്. അത് കേരളത്തിൽ ഒരിടത്തും ഏശില്ല. മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അക്കാര്യത്തിൽ നല്ല ബോദ്ധ്യമുണ്ട്. നട്ടാൽ മുളയ്ക്കാത്ത നുണയുമായി മുഖ്യമന്ത്രി തന്നെ ഇറങ്ങിയാൽ പരിഹാസ്യം, പരിതാപകരം എന്നല്ലാതെ എന്ത് പറയാൻ.

സമസ്തയടക്കം ഇപ്പോൾ സി.പി.എമ്മിനോട് മൃദുസമീപനമാണ്...?

ആര് പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി ഒരു സമ്മേളനം വിളിക്കുമ്പോൾ അതിൽ പങ്കെടുക്കുന്നത് പാർട്ടിയും രാഷ്ട്രീയവും നോക്കിയല്ല. പ്രതിപക്ഷം വിളിച്ചപ്പോൾ പങ്കെടുത്തതെല്ലാം ഒന്നാംനിര നേതാക്കളാണ്. മുഖ്യമന്ത്രി വിളിച്ചപ്പോൾ പേരിനൊരാളെ അയച്ചു. അതിൽ നിന്ന് വ്യക്തമാണ് കേരളത്തിലെ മുസ്ലിം ന്യൂനപക്ഷം ആരെയാണ് വിശ്വാസത്തിലെടുക്കുന്നതെന്ന്. 20ൽ 20 സീറ്റുമാണ് ഇത്തവണത്തെ ലക്ഷ്യം.