പൊന്നാനിക്കാർക്ക് പ്രിയം നാടൻ വിഭവം

Saturday 06 April 2024 11:23 PM IST

 സമദാനി നാടനാണ്

എം.പി.അബ്ദുസമദ് സമദാനി, യു.ഡി.എഫ്

ഡോ. എം.പി. അബ്ദുസമദ് സമദാനിയുടെ ഇഷ്ട ഭക്ഷണം ചോറും പുളിയുള്ള അവിയലുമാണ്. രാവിലെ ദോശയോ ചപ്പാത്തിയോ ആണ് ഇഷ്ടം. ഉച്ചയ്ക്ക് കുറച്ച് ചോറേ കഴിയ്ക്കൂ. കറിയുടെ കാര്യത്തിൽ നിർബന്ധമൊന്നുമില്ല. ഇടയ്ക്കിടെ ചായ കുടിക്കും. രാത്രി ദോശയോ ഓട്ട്‌സോ ആണ് പതിവ്. ഒഴിവ് സമയങ്ങളിൽ വായനയ്ക്കായി ചെലവിടും. എൻ.എ. നജീബ, വി.പി. ഹാജിറ എന്നിവർ ഭാര്യമാരാണ്. പ്രവാസിയായ എം.പി. മിഹ്റാജ് അഹമ്മദ് ഇഖ്ബാൽ, വിദ്യാർത്ഥികളായ എം.പി.സിദ്ര, ഹമീദി മുഹമ്മദി എന്നിവർ മക്കളാണ്.

 ഹംസയ്ക്കിഷ്ടം നാടൻ മീൻകറിയും മപ്പാസും

കെ.എസ്. ഹംസ, എൽ.ഡി.എഫ്

കെ.എസ്. ഹംസയുടെ ഇഷ്ട വിഭവം നാടൻ മീൻ കറിയും മട്ടനുമാണെന്ന് ഭാര്യ നസീമ പറയുന്നു. പൊരിച്ച ഭക്ഷണ സാധനങ്ങളോട് താത്പര്യമില്ല. രാവിലെ അഞ്ചിന് എണീറ്റ് ഒരു ഗ്ലാസ് ഗ്രീൻ ടീ കുടിക്കും. തുടർന്ന് അല്പം ബദാം കുതിർത്തതും നാല് ഈന്തപ്പഴവും കഴിക്കും. പ്രഭാത സവാരിക്ക് ശേഷം ദോശ, ഇഡലി, പുട്ട്, പത്തിരി ഇവയിലേതെങ്കിലും കഴിക്കും. ഉച്ചയ്ക്ക് ചോറിനൊപ്പം മീൻ മപ്പാസാണെങ്കിൽ സന്തോഷം. ഇടയ്ക്കിടെ കട്ടൻചായ കുടിക്കും. രാത്രി ഗോതമ്പ് ദോശയോ ഓട്‌സോ കഴിക്കും. ഒഴിവ് സമയങ്ങളിൽ പാട്ട് കേൾക്കാനാണ് താത്പര്യം. എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ ലുലു, എം.ടെക് വിദ്യാർത്ഥി അഫ്താബ്, ബി.ടെക് വിദ്യാർത്ഥി നഹ്‌‌താ‌‌‌‌‌‌ബ്, എട്ടാം ക്ലാസ് വിദ്യാർത്ഥി ലൈബ എന്നിവർ മക്കളാണ്.

 നിവേദിതയ്‌ക്കിഷ്ടം ചോറും മാമ്പഴപ്പുളിശ്ശേരിയും

നിവേദിത സുബ്രഹ്മണ്യൻ, എൻ.ഡി.എ

ചോറും മാമ്പഴപ്പുളിശ്ശേരിയുമുണ്ടെങ്കിൽ പൊന്നാനിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യന് മറ്റൊന്നും വേണ്ട. രാവിലെ മില്ലറ്റ് ദോശയോ പുട്ടോ കഴിക്കും. നോൺ വെജ് കഴിക്കാൻ അത്ര താത്പര്യമില്ല. രാത്രി ചപ്പാത്തിയോ വെജിറ്റബിൾ സാലഡോ ജ്യൂസോ കഴിക്കും. പ്രചാരണത്തിരക്കുകളിലായതിനാൽ എപ്പോഴും തിളപ്പിച്ചാറിയ വെള്ളം കരുതും. പരേതനായ സുബ്രഹ്മണ്യനാണ് ഭർത്താവ്. ലോജിസ്റ്റിക്സ് വിദ്യർത്ഥി അർജുൻ, കെമിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥി അശ്വതി, ഫിസിക്സ് ബിരുദ വിദ്യാർത്ഥി ആതിര എന്നിവർ മക്കളാണ്. ഒഴിവുസമയങ്ങളിൽ പാട്ട് കേൾക്കാനാണ് താത്പര്യം.

Advertisement
Advertisement