പെൻഷൻ ആനുകൂല്യം: കോടതി വിധിച്ചിട്ടും അനങ്ങാതെ കെൽട്രോൺ

Sunday 07 April 2024 2:48 AM IST

തിരുവനന്തപുരം:പിടിച്ചുവച്ച പെൻഷൻ ആനുകൂല്യം നൽകണമെന്ന് ഹൈക്കോടതി വിധിച്ചിട്ടും അനങ്ങാതെ സംസ്ഥാന പൊതുമേഖലാസ്ഥാപനമായ കെൽട്രോൺ.

ഗ്രാറ്റുവിറ്റി,ശമ്പളപരിഷ്ക്കരണ കുടിശിക,ലീവ്സറണ്ടർ ആനുകൂല്യം എന്നിവയാണ് നൽകാനുള്ളത്.ഇത് മൂന്ന് മാസത്തിനകം നൽകണമെന്ന് കഴിഞ്ഞ വർഷം ഡിസംബർ 21നാണ് കോടതിവിധിച്ചത്. എന്നാൽ, കോടതി വിധിക്കെതിരെ അപ്പീൽ നൽകാനാണ് കെൽട്രോണിന്റെ നീക്കം.

കെൽട്രോൺ നഷ്ടത്തിലായത് പരിഗണിച്ച് 2002ൽ വി.ആർ.എസ് നടപ്പാക്കിയിരുന്നു. അതിന് വഴങ്ങാതെ കമ്പനിയിൽ തുടർന്ന 166ഒാളംജീവനക്കാരോടാണ് ഇപ്പോൾ ക്രൂരത കാണിക്കുന്നത്. പത്തുവർഷത്തിന് ശേഷം 2012ലാണ് കെൽട്രോണിൽ ശമ്പളപരിഷ്ക്കരണം നടപ്പാക്കിയത്. ശമ്പളപരിഷ്ക്കരണ കുടിശികയുടെ 85% പത്തുതുല്യഗഡുക്കളായി നൽകുമെന്നും ബാക്കി 15% പി.എഫിൽ ഇടുമെന്നുമായിരുന്നു വാഗ്ദാനം. എന്നാൽ പി.എഫിൽ പണം ഇട്ടില്ല. പകരം,ധനസ്ഥിതി മെച്ചമാകുമ്പോൾ പണമായി നൽകാമെന്ന് ഉറപ്പ് നൽകി. എന്നാൽ അതും പാലിക്കാത്തതോടെയാണ് ജീവനക്കാർ കോടതിയെസമീപിച്ചത്.

ഗ്രാറ്റുവിറ്റിയും മറ്റ് പെൻഷൻ ആനുകൂല്യങ്ങളും ധനസ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിൽ നൽകണമെന്ന ജീവനക്കാരുടെ ആവശ്യം കോടതിയും അംഗീകരിച്ചു. എന്നാൽ അത് പാലിക്കപ്പെടേണ്ട വ്യവസ്ഥയല്ലെന്ന നിലപാടിലാണ് കെൽട്രോൺ.ഇക്കാര്യത്തിൽ നീതി ലഭിക്കാൻ വ്യവസായ മന്ത്രിക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ് പെൻഷൻകാർ.

Advertisement
Advertisement