"ഇതെന്താ ഗുണ്ടായിസമോയെന്ന് ഞാൻ ചോദിച്ചു"; പൃഥ്വിരാജും നിർമാതാവും പാടത്തേക്ക് കൊണ്ടുപോയി ആവശ്യപ്പെട്ടതിനെക്കുറിച്ച് ടിനി ടോം

Sunday 07 April 2024 10:30 AM IST

രഞ്ജിത്ത് - പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങിയ സിനിമയാണ് 'ഇന്ത്യൻ റുപ്പി'. സിനിമയിൽ ടിനി ടോമും ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. സിനിമയുടെ ചിത്രീകരണ സമയത്തുണ്ടായ ചില സംഭവങ്ങൾ കൗമുദി മൂവീസിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് ടിനി ടോമിപ്പോൾ.

'രാജുവിന്റെ വീട്ടിലേക്ക് മീൻ വാങ്ങിക്കൊണ്ടുപോകുന്ന സീനാണ്. രാജു നല്ലൊരു പ്രൊഡ്യൂസറാണെന്ന് എനിക്ക് മനസിലായത് അന്നാണ്. ആ സീൻ വൈകിട്ടൊരു എട്ട് മണിക്കേ എടുക്കാൻ സാധിക്കുകയുള്ളൂ. സബ് ജയിലിന്റെ മുന്നിൽ നിന്നാണ് മീൻ വാങ്ങിപ്പോകുന്നത്.

അപ്പോൾ അവിടുന്ന് വാങ്ങി ഞങ്ങൾ ഒന്നിച്ചുപോകുന്ന സീൻ. പക്ഷേ സീനെടുക്കുമ്പോഴേക്ക് മഴ പെയ്യും. വലിയൊരു മീനാണ്. വേസ്റ്റാകും. നാലായിരം രൂപ വിലവരുന്ന മീനാണ് ദിവസവും വാങ്ങുന്നത്. മൂന്ന് ദിവസം മീൻ വാങ്ങി, സീനെടുക്കാൻ പോകുമ്പോഴേക്ക് മഴ പെയ്തു. രാജൂ ഇത് ഭയങ്കര നഷ്ടമല്ലേന്ന് അപ്പോൾ ഞാൻ രാജുവിന്റെയടുത്തുചോദിച്ചു. മിസ്റ്റർ ടിനി ടോം താങ്കൾ ഉച്ചയ്ക്ക് കഴിക്കുന്ന ഭക്ഷണമെന്താണെന്നായിരുന്നു പൃഥ്വിയുടെ മറുചോദ്യം.

ഞാൻ പറഞ്ഞു, മീനും ചോറുമെന്ന്. ഇന്ന് വാങ്ങുന്ന മീൻ ചീഞ്ഞുപോകുന്നില്ലെന്നും നാളെ നിങ്ങൾക്ക് ഭക്ഷണമായിട്ടാണ് തരുന്നതെന്നും രാജു മറുപടി നൽകി. അപ്പോൾ എനിക്ക് മനസിലായി നല്ല നിർമാതാവാണെന്ന്. പുള്ളി വാങ്ങുന്ന മീൻ കളയുന്നില്ല, പിറ്റേദിവസം അത് ഉപയോഗിക്കുന്നുണ്ട്. പ്ലാൻ ചെയ്തു കൊണ്ടുപോകുകയാണ്. ഇന്ന് അയ്യായിരം രൂപയുടെ മീൻ വാങ്ങിയിട്ടുണ്ടെങ്കിൽ നാളത്തെ സെറ്റിലെ ഫുഡ് അതാണ്. അർക്കീസ് കാണിക്കുന്നതൊന്നുമല്ല കേട്ടോ. അദ്ദേഹത്തിന്റെ പ്രൊഡക്ഷനാണെങ്കിൽ യൂണിറ്റിലുള്ളവർക്ക് ഒരുപോലത്തെ താമസമൊക്കെയാണെന്ന് പലരും പറഞ്ഞിട്ടുണ്ട്.

ഇന്ത്യൻ റുപ്പിയുടെ ശമ്പളം തന്നിട്ടില്ല. ഇതിനായി ഷാജി നടേശനും പൃഥ്വിരാജും ഒരു പാടത്തേക്ക് എന്നെ വിളിച്ചുകൊണ്ടുപോയി. അപ്പോൾ ടിനി ടോം എത്ര രൂപയാണ് ഞങ്ങൾക്ക് തരുന്നതെന്ന് ചോദിച്ചു. അല്ല ഈ സിനിമയിൽ ചാൻസ് തന്നല്ലോ, ഞങ്ങൾ സാധാരണ ഇങ്ങോട്ടാണ് കാശ് വാങ്ങുന്നത്. എത്ര രൂപയാണ് നിങ്ങൾ തരാൻ പോകുന്നതെന്ന് ചോദിച്ചു. ഇതെന്താ ഗുണ്ടായിസമോയെന്ന് ഞാൻ ചോദിച്ചു. ഇതിനുമുമ്പുള്ള പ്രൊഡക്ഷൻ രഞ്ജിയേട്ടന്റേതായിരുന്നു, പ്രാഞ്ജിയേട്ടൻ. ഇതെന്താ ഗുണ്ടായിസമോ അവർക്ക് കാശ് കൊടുക്കണമെന്ന് പറഞ്ഞെന്ന് രഞ്ജിയേട്ടന്റെയടുത്ത് ഞാൻ പറഞ്ഞു. തമാശയായിട്ട് അവർ പറഞ്ഞയാണ്. ഇതുവരെയുള്ള സിനിമകളിൽ ഒരാൾ പോലും ഒരു രൂപ കുറക്കാതെ കൃത്യമായി കാശ് തന്നിട്ടുണ്ട്. എന്തെങ്കിലുമൊരു ബുദ്ധിമുട്ടുണ്ടെങ്കിൽ റിക്വസ്റ്റ് ചെയ്യുമ്പോൾ കുറച്ചുകൊടുക്കുമെന്നല്ലാതെ. നിർമാതാവ് എന്നു പറയുന്നത് മാതാവാണ്. അവരാണ് ജന്മം നൽകുന്നത്. അവരെ ഞാൻ ദൈവമായിട്ടാണ് കാണുന്നത്.'- ടിനി ടോം പറഞ്ഞു.

Advertisement
Advertisement