പ്രവാസി മലയാളികൾ ഏറെ നാളുകളായി കാത്തിരുന്ന പ്രഖ്യാപനം വന്നെത്തി, കൂടുതൽ ഗുണം ലഭിക്കുന്നത് ഈ മൂന്ന് രാജ്യങ്ങളിലുളളവർക്ക്

Sunday 07 April 2024 10:43 AM IST

കൊച്ചി: അവധിക്കാലത്ത് കേരളത്തിൽ നിന്ന് അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ നിന്നും കൂടുതലായും ആഭ്യന്തര - വിദേശ സർവീസുകൾ നടത്താനാണ് പുതിയ തീരുമാനം. എയർ ഇന്ത്യയുടെ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വരുന്ന ഓരോ മാസവും മൂന്ന് പുതിയ വിമാനങ്ങൾ പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

കൊച്ചി വിമാനത്താവളത്തിൽ നിന്ന് ആദ്യസമയങ്ങളിൽ എയർ ഇന്ത്യയുടെ ആഴ്ചതോറുമുളള സർവീസുകൾ 93 ആയിരുന്നു. ഇത് 104ആയി ഉയർത്തിയിട്ടുണ്ട്, ഗൾഫ് രാജ്യങ്ങളിലേക്ക് നടത്തുന്ന സർവീസുകൾക്ക് പുറമേ ബഹ്‌റൈൻ, ദമാം തുടങ്ങിയ സ്ഥലങ്ങളിലേക്കും എയർ ഇന്ത്യ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. ഹൈദരാബാദിലേക്കും കൊൽക്കത്തയിലേക്കും അധിക സർവീസുകൾ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.

അതേസമയം, കോഴിക്കോട് വിമാനത്താവളത്തിൽ ആഴ്ചതോറും നടത്തുന്ന സർവീസുകൾ എയർഇന്ത്യ 77ൽ നിന്നും 87 ആക്കി ഉയർത്തിയിട്ടുണ്ട്. ഇവിടെ നിന്നും റാസൽഖൈമ, ദമാം തുടങ്ങിയ സ്ഥലങ്ങളിലേക്കും ബംഗളൂരുവിലേക്കും പുതിയതായി സർവീസുകൾ ആരംഭിച്ചു. കണ്ണൂരിൽ നിന്നും 12 അധിക സർവീസുകളും എയർ ഇന്ത്യ ആരംഭിക്കാൻ പോകുന്നുണ്ട്.