'അത് എനിക്കറിയില്ല, അറിയില്ലെന്ന് പറഞ്ഞില്ലേ'; സി പി എം പ്രവർത്തകർ ഷെറിന്റെ വീട് സന്ദർശിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് എം വി ഗോവിന്ദന്റെ പ്രതികരണം

Sunday 07 April 2024 1:00 PM IST

കണ്ണൂർ: ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷെറിന്റെ വീട്ടിൽ സി പി എം പ്രവർത്തകർ പോയതിനെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇക്കാര്യത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'അത് എനിക്കറിയില്ല. അറിയില്ലെന്ന് പറഞ്ഞില്ലേ. ഷെറിന്റെ വീട്ടിൽ ആരെങ്കിലും പോയിട്ടുണ്ടെങ്കിൽ പോയവരെക്കുറിച്ച് അന്വേഷിച്ചോട്ടേ'- എന്നായിരുന്നു ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. വീണ്ടും ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം ദേഷ്യത്തോടെയാണ് സംസാരിച്ചത്. പാർട്ടി സഖാക്കളെത്തന്നെ ആക്രമിച്ച കേസിലെ പ്രതികളാണ് അവരെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ഷെറിനുമായോ ബോംബ് നിർമാണവുമായോ ബന്ധമില്ലെന്ന് സിപിഎം ആവർത്തിക്കുന്നതിനിടെയാണ് പാനൂർ ഏരിയ കമ്മിറ്റി അംഗം സുധീർ കുമാർ, പൊയിലൂർ ലോക്കൽ കമ്മിറ്റി അംഗം എ അശോകൻ എന്നിവരാണ് ഷെറിന്റെ വീട്ടിലെത്തിയത്. കൂത്തുപറമ്പ് എം എൽ എ കെപി മോഹനനും സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തിരുന്നു. എം എൽ എ എന്ന നിലയിലാണ് വീട് സന്ദർശിച്ചതെന്നാണ് കെപി മോഹനൻ നൽകിയ വിശദീകരണം.

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു കുന്നോത്തുപറമ്പ് മുളിയാത്തോട്ടിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ ബോംബ് പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകനായ കൈവേലിക്കൽ എലിക്കൊത്തീന്റവിട കാട്ടീന്റവിട ഷെറിൻ കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ മുളിയാത്തോടിലെ വലിയപറമ്പത്ത് വിനീഷ് (39), മീത്തലെ കുന്നോത്തുപറമ്പ് ചിറക്കരാണ്ടീമ്മൽ വിനോദ് (39), സെൻട്രൽ കുന്നോത്തുപറമ്പിലെ കല്ലായീന്റവിട അശ്വന്ത് (28) എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.